തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഒരാൾ പണം കൈവശം വെച്ചു എന്നതുകൊണ്ട് മാത്രം അയാളെ തിരഞ്ഞെടുപ്പ് കേസിൽ പ്രതിയാക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി നിർണായക മാർഗരേഖ പുറപ്പെടുവിച്ചു. പിടിച്ചെടുത്ത പണവും സ്വത്തുക്കളും ആരോപിക്കപ്പെടുന്ന കുറ്റകൃത്യവുമായി പ്രഥമദൃഷ്ട്യാ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബന്ധപ്പെട്ട
ഉദ്യോഗസ്ഥൻ കൃത്യമായി സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ജഡ്ജിമാരായ സഞ്ജയ് കാരോൾ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
തിരഞ്ഞെടുപ്പിലെ അനധികൃത പണമിടപാടുകൾ സുതാര്യതയ്ക്ക് കടുത്ത ഭീഷണിയാണെന്നും സ്ഥാനാർഥികൾ തമ്മിലുള്ള തുല്യത ഇത് തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. വോട്ടർമാരെ സ്വാധീനിക്കാനാണ് പണം സൂക്ഷിച്ചതെന്ന സംശയത്തിൽ നടത്തുന്ന അന്വേഷണങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം പൂർത്തിയാക്കണം.
ഒരു വർഷത്തിനുള്ളിൽ അന്വേഷണം പൂർത്തിയായില്ലെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിക്കണം. സ്ഥാനാർഥി തെറ്റായ മാർഗം സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയാൻ വോട്ടർമാർക്കും, നിരപരാധിത്വം തെളിയിക്കാൻ സ്ഥാനാർഥികൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഭരണം മാറുമ്പോൾ സ്ഥാനാർഥികൾക്കെതിരായ കേസുകൾ ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവണതയും കോടതി വിലക്കി. വോട്ടർമാരെ സ്വാധീനിക്കൽ ഉൾപ്പെടെയുള്ള കേസുകൾ പിൻവലിക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
ഈ നിർദേശങ്ങൾ പാലിച്ച് തയ്യാറാക്കുന്ന തൽസ്ഥിതി റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരുകളും നവംബർ 18നു മുൻപ് സമർപ്പിക്കണം. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ കർണാടകയിലെ ബെള്ളാരിയിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പ്രഥ്വിക് എന്നയാളുടെ വീട്ടിൽ നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട
കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വോട്ടർമാരെ സ്വാധീനിക്കാനാണ് പണം എന്ന് തെളിയിക്കാൻ സർക്കാരിന് കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്.
തുടർന്ന് സർക്കാർ നൽകിയ അപ്പീൽ പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ഹർജിക്കാരനായ പ്രഥ്വിക്കിനായി അഭിഭാഷകൻ കുര്യാക്കോസ് വർഗീസ് ഹാജരായി.
കോടതിയുടെ മറ്റ് പ്രധാന നിർദേശങ്ങൾ: ∙ പണമോ മറ്റ് ആസ്തികളോ പിടിച്ചെടുക്കുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ ജില്ലാ കലക്ടറെയോ അധികാരപ്പെട്ട
കോടതിയെയോ വിവരം ധരിപ്പിക്കണം.
∙ അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിയുടെ അനുമതിയോടെയുള്ള ത്രൈമാസ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണം.
∙ തിരഞ്ഞെടുപ്പ് നിരീക്ഷകരോ ഉദ്യോഗസ്ഥരോ പരിശോധനയ്ക്കിടയിൽ 10 ലക്ഷം രൂപയിൽ കൂടുതൽ പിടിച്ചെടുത്താൽ ആദായനികുതി വകുപ്പിനെ ഉടൻ അറിയിക്കണം.
∙ തുടർച്ചയായി നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ സാഹചര്യം കണക്കിലെടുത്ത് എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

