കേരളത്തിന്റെ തെക്കൻ തീരപ്രദേശങ്ങളിൽ കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലിഫിഷ് കൂട്ടങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്നത് മത്സ്യത്തൊഴിലാളികളിലും ബീച്ച് ടൂറിസ്റ്റുകളിലും ആശങ്ക സൃഷ്ടിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് ജെല്ലിഫിഷുകളുടെ വ്യാപനം പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കേരള തീരത്ത് പതിവായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസം മത്സ്യബന്ധന മേഖലയെയും സമുദ്ര ആവാസവ്യവസ്ഥയെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇവയുടെ വ്യാപനം അധികരിച്ചാൽ ഒരു മീൻപിടിത്ത വലയിൽ മാത്രം 200 മുതൽ ആയിരക്കണക്കിന് ജെല്ലിഫിഷുകൾ വരെ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്.
ഇത്തരത്തിൽ വലയിൽ പെടുന്നവയെ മറ്റ് മത്സ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുക എന്നത് അതീവ ദുഷ്കരമാണ്. അത്യധികമായ ഭാരം താങ്ങാൻ കഴിയാതെ വലകൾ പൊട്ടിപ്പോകുന്ന സാഹചര്യങ്ങളും ഇതിലൂടെ ഉണ്ടാകാറുണ്ട്.
കൂടാതെ, വലയിലും മീനുകളിലും ഇവയുടെ സ്രവം പറ്റിപ്പിടിച്ചാൽ മത്സ്യങ്ങളുടെ വിപണിമൂല്യം ഗണ്യമായി കുറയുകയും ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു. കേരള തീരത്ത് കാണപ്പെടുന്ന ജെല്ലിഫിഷുകൾക്ക് മാരകമായ വിഷാംശം ഇല്ലെങ്കിലും, ഇവയുടെ വാൽഭാഗത്ത് ശരീരത്തിൽ തട്ടിയാൽ കഠിനമായ ചൊറിച്ചിലും നീർവീക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്.
സമുദ്രത്തിലെ മറ്റ് ചെറിയ ജലജീവികളുടെ നാശത്തിനും ഈ പ്രതിഭാസം കാരണമാകുന്നുണ്ട് എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

