ഇന്ത്യയിലേക്ക് യാതൊരുവിധ രേഖകളുമില്ലാതെ വീണ്ടും അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശ് പൗരയെ മുംബൈ പൊലീസ് പിടികൂടി. നാദിറ സുൽത്താന (27) ആണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പ് രാജ്യത്തുനിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ടതിന് ശേഷമാണ് ഇവർ വീണ്ടും അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. നാടുകടത്തപ്പെട്ട
യുവതി യാതൊരു യാത്രാരേഖകളുമില്ലാതെ വീണ്ടും രാജ്യത്തേക്ക് തിരിച്ചെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
സൗത്ത് മുംബൈയിലെ ഗംദേവി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനധികൃത മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കടന്നുവന്ന യുവതി സാധുവായ രേഖകളൊന്നുമില്ലാതെ ഇവിടെ തങ്ങിവരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിക്കുന്നത്. ഗിർഗാവ് ചൗപാട്ടിയോട് ചേർന്നുള്ള പ്രദേശത്തെ നടപ്പാതയിലൂടെ ബംഗ്ലാദേശി പൗരയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ സംശയാസ്പദമായ രീതിയിൽ ചുറ്റിപ്പറ്റി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലിൽ വ്യക്തമായ മറുപടി നൽകാൻ കഴിയാതെ യുവതി പരുങ്ങിയതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള നിയമപരമായ രേഖകളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടത്.
കഴിഞ്ഞ മാസമാണ് ഇവരെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതെന്ന് പൊലീസ് നടത്തിയ തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, നിയമവിരുദ്ധമായ വഴികളിലൂടെ ഇവർ വീണ്ടും അതിർത്തി കടന്ന് മുംബൈയിൽ എത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തൽ.
യുവതിയുടെ മൊബൈൽ ഫോണും മറ്റ് യാത്രാ രേഖകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

