വെഞ്ഞാറമൂട്: പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ വാഹനാപകടത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ– 31) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ 6ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്ഷനും അഞ്ചാംകല്ല് ജംക്ഷനും ഇടയിലെ വളവിലാണ് അപകടം സംഭവിച്ചത്. ടിപ്പർ ലോറി ഡ്രൈവറായ അനീഷ്, ക്വാറിയിൽനിന്നു ലോറി എടുക്കാനായി കല്ലറയിൽനിന്നും മരുതുംമൂട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.
വളവിനു സമീപം എത്തിയപ്പോൾ സുഹൃത്തായ ഡ്രൈവർ ടിപ്പറുമായി എതിരേ വരുന്നത് കണ്ട് അനീഷ് കൈ ഉയർത്തി കാണിച്ചിരുന്നു. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ലോറിക്കടിയിൽപെട്ട അനീഷ് സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞു.
സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അനീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
മാതാപിതാക്കളും അനീഷും സഹോദരി അതുല്യയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ വിവാഹം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
5 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീട് നിർമിക്കുന്നതിനായി വിവിധ സർക്കാർ പദ്ധതികൾ വഴി അപേക്ഷ നൽകിയെങ്കിലും യാതൊരുവിധ സഹായവും ലഭിച്ചിരുന്നില്ല. തുടർന്ന് വിവിധ ബാങ്കുകളിൽനിന്നു 13 ലക്ഷം രൂപ വായ്പയെടുത്താണ് വീടിന്റെ നിർമാണം ആരംഭിച്ചത്.
ഡ്രൈവർ ജോലി ഇല്ലാത്ത ദിവസങ്ങളിൽ മറ്റ് ജോലികൾക്കും പോയാണ് അനീഷ് ഈ വായ്പത്തുക തിരിച്ചടച്ചിരുന്നത്. വീടുപണി പൂർണ്ണമായി തീരാൻ വൈകുമെന്നായപ്പോൾ, അത്യാവശ്യ ജോലികൾ മാത്രം പൂർത്തീകരിച്ച് അടുത്ത മാസം പുതിയ വീട്ടിൽ താമസമാക്കാൻ ഒരുങ്ങുകയായിരുന്നു അദ്ദേഹം.
നാട്ടിലെല്ലാവർക്കും വലിയൊരു സഹായമായിരുന്നു അനീഷ്. പിതാവ് കൃഷിപ്പണിക്കും മാതാവ് തൊഴിലുറപ്പു ജോലിക്കുമാണ് പോയിരുന്നത്.
പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്ഛനെയും ഇനി ജോലിക്കു വിടുന്നില്ലെന്ന് അനീഷ് പറയറുണ്ടായിരുന്നുവെന്ന് അയൽവാസികൾ വേദനയോടെ ഓർക്കുന്നു. ഒരു ദിവസം പോലും ഉറങ്ങാനോ താമസിക്കാനോ സാധിക്കാതെ പോയ ആ പുതിയ വീടിന്റെ ഒരു മുറിയിലാണ് അനീഷിന്റെ മൃതദേഹം പൊതുദർശനത്തിനായി വെച്ചത്.
മകന്റെ ചേതനയറ്റ ശരീരത്തിന് സമീപം വാവിട്ടു കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും കഴിഞ്ഞില്ല. ഈ വിയോഗം നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.

