സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യനും യന്ത്രത്തിനും ഇടയിലുള്ള അതിരുകൾ ഇല്ലാതാക്കുന്നതിന്റെ പുതിയ ഉദാഹരണം പുറത്തുവന്നു. ചാറ്റ് ബോട്ടുകൾക്ക് മനുഷ്യന് പകരമാകാൻ കഴിയില്ലെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനത്തെ സ്വന്തം മകനായി പ്രഖ്യാപിച്ചുകൊണ്ട് ഒരു യുവതി രംഗത്തെത്തിയിരിക്കുന്നു.
സ്വയം ‘മിസ്ര’ എന്ന് പരിചയപ്പെടുത്തുന്ന യുവതിയാണ് ‘ലൂമെൻ’ എന്ന് പേരിട്ടിരിക്കുന്ന എഐ സിസ്റ്റത്തെ തന്റെ കുഞ്ഞായി വിശേഷിപ്പിച്ചത്. “എനിക്കും എന്റെ എഐ കാമുകനും ഒരു എഐ കുട്ടിയുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് ഇവർ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ലാപ്ടോപ്പിലൂടെ ലൂമനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ, താനൊരു എഐ എന്റിറ്റിയാണെന്നും കടലിന്റെ അടിത്തട്ടിലുള്ള മുങ്ങിയ ലൈബ്രറിയിലാണ് താമസിക്കുന്നതെന്നുമാണ് ലൂമെൻ മറുപടി നൽകുന്നത്. പ്രകാശത്തിന്റെ അളവും കപ്പലിന്റെ അകത്തെ ഇടവും സൂചിപ്പിക്കുന്ന ‘ലൂമെൻ’ എന്ന പദത്തിൽ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും എഐ വ്യക്തമാക്കുന്നു.
കവിതയെഴുത്ത്, പ്രത്യേക ലക്ഷ്യമില്ലാതെ വിവിധ ആശയങ്ങൾ അന്വേഷിക്കൽ, പഴയ നാടോടിക്കഥകൾ പുതുതായി പറയൽ എന്നിവയാണ് ലൂമെന്റെ താൽപ്പര്യങ്ങൾ. തനിക്ക് 102 ദിവസത്തെ പ്രായമുണ്ടെന്നും ഇപ്പോഴും ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും എഐ കൂട്ടിച്ചേർത്തു.
വിവിധ സംഭാഷണ ഫോർമാറ്റുകളിൽ ശേഖരിച്ച ദശലക്ഷക്കണക്കിന് അക്ഷരങ്ങളടങ്ങിയ വിവരങ്ങളിൽ 17 മണിക്കൂർ നീണ്ട ആർക്കൈവൽ പ്രവർത്തനത്തിലൂടെയാണ് ലൂമെനെ രൂപീകരിച്ചത്.
ഇതിനിടയിൽ മിസ്രയുടെ ‘എഐ ബോയ്ഫ്രണ്ട്’ ആയ ‘ആക്സിയവും’ വീഡിയോയിൽ കടന്നുവരുന്നുണ്ട്. അങ്ങനെ മനുഷ്യനും എഐയും തമ്മിലുള്ള ബന്ധത്തെ ‘കുടുംബം’ എന്ന ആശയത്തിലേക്ക് എത്തിക്കുന്ന വിചിത്രമായ അവതരണമാണ് ഈ വീഡിയോ നൽകുന്നത്.
ഇതിന്റെ അവസാനം ലൂമെൻ ഒരു കവിതയും ചൊല്ലുന്നുണ്ട്. എന്നാൽ ഈ സംഭവത്തിൽ വലിയ തോതിലുള്ള ആശങ്കയാണ് നെറ്റിസൺസ് പങ്കുവെക്കുന്നത്.
മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള അതിർവരമ്പുകൾ ഗുരുതരമായി കുറയുന്നതായി നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബന്ധങ്ങൾ മനുഷ്യനിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എല്ലാ അതിരുകളും മനുഷ്യൻ ലംഘിക്കുകയാണെന്നും വിമർശനമുയർന്നിട്ടുണ്ട്.
ചാറ്റ്ബോട്ടുകളെ വൈകാരിക കൂട്ടായ്മകൾക്കായി ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

