പാലായിൽ അതീവ ദുരഖകരമായ സംഭവം അരങ്ങേറി. ഭർത്താവിന്റെ സംസ്കാര ചടങ്ങിനിടയിൽ അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരണമടഞ്ഞു.
പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുര്യച്ചൻ–73) എന്നയാളുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകൾക്കിടയിലാണ് സമാനതകളില്ലാത്ത ദുരന്തം ഉണ്ടായത്. കഴിഞ്ഞ 15ന് ഉച്ചയോടെയാണ് കുര്യച്ചൻ അന്തരിച്ചത്.
തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ വസതിയിലെ പ്രാഥമിക ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടയിലായിരുന്നു സംഭവം. ഭർത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം അർപ്പിച്ച ഉടൻ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു അന്തരിച്ച കുര്യച്ചൻ.
കൂടാതെ പാലായിലെ ആദ്യകാല വ്യാപാരി കൂടിയായിരുന്നു അദ്ദേഹം. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് മരണപ്പെട്ട
ഷേർലി. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് ഇരുവരുടെയും മക്കൾ.
ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ) എന്നിവരാണ് മരുമക്കൾ. ഷേർളിയുടെ ഭൗതികശരീരം ഇന്ന് രാവിലെ 9 മണിക്ക് വസതിയിൽ എത്തിക്കും.
തുടർന്ന് രാവിലെ 11 മണിക്ക് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഒരുമിച്ച് നടത്തുന്നതാണ്.

