പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തിൽ വേറിട്ട
മാതൃക തീർത്ത് ജനപ്രതിനിധിയുടെ മട്ടുപ്പാവ് പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. നിരണം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ബിന്ദു ജെ.
വൈക്കത്തുശ്ശേരിയാണ് സ്വന്തം വീടിന്റെ മുകളിൽ മാതൃകാപരമായ രീതിയിൽ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത്. ഓണക്കാലത്ത് വിളവെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച ഈ കൃഷി ഇപ്പോൾ പൂർണ്ണ വളർച്ചയെത്തിക്കഴിഞ്ഞു.
നാട്ടിൽ അത്രയധികം പ്രചാരത്തിലില്ലാത്ത ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കുക്കുമ്പറും കുറ്റിബീൻസുമാണ് ഈ മട്ടുപ്പാവ് കൃഷിയുടെ പ്രധാന ആകർഷണം.
ഇതിൽ കുക്കുമ്പർ ഇതിനോടകം പൂവിട്ട് കായിച്ചു കഴിഞ്ഞിട്ടുണ്ട്. കുറ്റിബീൻസുകൾ വളർന്നു വരുന്ന ഘട്ടത്തിലാണുള്ളത്.
ഇവയ്ക്ക് പുറമെ വള്ളിപ്പയർ, വെണ്ട, തക്കാളി, പച്ചമുളക്, ചീര, വഴുതന, കാന്താരി, പാവൽ, കോവൽ തുടങ്ങിയ പച്ചക്കറികളും കുരുമുളക്, മഞ്ഞൾ തുടങ്ങിയ വിളകളും ഇവിടെ വിജയകരമായി വളർത്തുന്നുണ്ട്. ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും ചാക്കുകളിലുമാണ് ഈ കൃഷിയിടം ഒരുക്കിയിരിക്കുന്നത്.
തികച്ചും ജൈവരീതിയാണ് താൻ പിന്തുടരുന്നതെന്ന് കർഷക കൂടിയായ ബിന്ദു ജെ. വൈക്കത്തുശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്.
മണ്ണും ചാണകപ്പൊടിയും ചകരിച്ചോറും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കൃത്യമായ അനുപാതത്തിൽ ചേർത്തുണ്ടാക്കിയ മിശ്രിതമാണ് ഗ്രോ ബാഗുകളിൽ നിറച്ചിരിക്കുന്നത്. ഇതിനുപുറമെ, ശർക്കര, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന പ്രത്യേക ജൈവവളക്കൂട്ടും കൃഷിയുടെ ചുവട്ടിൽ നൽകിവരുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന കീടനാശിനികൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. തന്റെ വാർഡിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് ഒരാഴ്ചക്കാലം ദുരിതാശ്വാസ ക്യാമ്പിൽ ജനങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ചതോടൊപ്പം തന്നെയാണ് ഈ മാതൃകാ കൃഷിയും ഇവർ പരിപാലിച്ചു പോന്നത്.
കൃഷിവകുപ്പിന്റെ കുട്ടി കർഷക അവാർഡ് മുൻപ് കരസ്ഥമാക്കിയിട്ടുള്ള ഇവാനും ക്രിസ്റ്റിയുമാണ് മക്കൾ. മാധ്യമപ്രവർത്തകനായ ഭർത്താവ് ജിജു വൈക്കത്തുശ്ശേരി കൃഷിയിൽ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
യുവജനങ്ങൾക്ക് ഉൾപ്പെടെ വലിയ തോതിൽ മാതൃകയാക്കാവുന്ന ഒന്നാണ് ഈ ജനപ്രതിനിധിയുടെ കൃഷിയിടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

