അര്‍ദ്ധ സെഞ്ചുറിയില്‍ ഒതുങ്ങേണ്ടതായിരുന്നില്ല ആ ഇന്നിങ്സ്, മൂന്നക്കം തന്നെ തൊടേണ്ടതുണ്ടായിരുന്നു. 57-ാം ഓവറിലെ അഞ്ചാം പന്താണ്.
കെശര നുവാന്തയെ മിഡ് ഓഫിലേക്ക് ഡ്രൈവ് ചെയ്തൊരു സിംഗിള്‍. പെര്‍ത്തില്‍ പരാജയപ്പെട്ട് കരിയര്‍ പ്രതിസന്ധിയിലായ ആ ബാറ്റിന് ഗാലെയില്‍ ഉജ്ജ്വല തിരിച്ചുവരവാണ് സംഭവിക്കുന്നത്.
ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി തികച്ച് ദേവദത്ത് പടിക്കല്‍ ഇന്ത്യന്‍ കുതിപ്പിന് കരുത്താവുന്നു. ഇംഗ്ലണ്ടിലേയോ ഓസ്ട്രേലിയയിലേയോ പോലുള്ള സാഹചര്യങ്ങളായിരുന്നില്ല ഗാലെയിലേത്, എങ്കിലും പടിക്കലിന്റെ ഇന്നിങ്സിന് സെഞ്ചുറിയുടെ തിളക്കത്തിനപ്പുറം വലിയൊരു അര്‍ത്ഥമുണ്ട്.
ഇന്ത്യ കാലങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ താരം. രാഹുല്‍ ദ്രാവിഡിനും ചേതേശ്വര്‍ പൂജാരയ്ക്കും ശേഷം മൂന്നാം നമ്പറില്‍ ആര് എന്ന ചോദ്യത്തിനാണ് ഇവിടെ വിരാമമാകുന്നത്.
ഏഴ് ടെസ്റ്റുകള്‍ ലഭിച്ചിട്ടും സായ് സുദര്ശന് മൂന്നാം നമ്പറില്‍ നിന്ന് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് സ്ഥിരത നല്കാന് സാധിച്ചിരുന്നില്ല. യുവതാരമായതിനാല്‍ ലോങ് റണ്‍ നല്‍കണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടിന്റെ പുറത്തായിരുന്നു സായിക്ക് നിരന്തരം അവസരങ്ങള്‍ ലഭിച്ചത്.
12 ഇന്നിങ്സുകളില്‍ നിന്ന് 31.91 ശരാശരിയില്‍ 383 റണ്‍സാണ് ഇടംകൈയൻ ബാറ്ററുടെ ഈ പൊസിഷനിലെ സമ്പാദ്യം. ഗംഭീറിന്റെ കീഴില്‍ ഈ സ്ഥാനത്ത് ഏറ്റവുമധികം അവസരം ലഭിച്ചിട്ടുള്ളതും സായിക്ക് തന്നെയാണ്, എന്നാല്‍ സ്ഥിരതയോ മാച്ച് വിന്നിങ് പ്രകടനങ്ങളോ സായിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല.
ഗംഭീറിന് കീഴില്‍ ഇന്ത്യ കളിക്കുന്ന 21-ാം ടെസ്റ്റാണ് ശ്രീലങ്കയ്ക്ക് എതിരായത്. മൂന്നാം നമ്പറില്‍ മാത്രം പരീക്ഷിച്ച ബാറ്റര്‍മാരുടെ എണ്ണം ഏഴാണ്.
ശുഭ്മാൻ ഗില്‍, സായ് സുദര്ശൻ, കരുണ്‍ നായര്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദേവദത്ത് പടിക്കല്‍ എന്നിവരാണ് ആ താരങ്ങള്‍. രാഹുലിനും സുന്ദറിനും കോഹ്ലിക്കും ഓരോ മത്സരങ്ങളില്‍ മാത്രമായിരുന്നു അവസരം ലഭിച്ചത്.
ഈ ഏഴ് ബാറ്റര്‍മാരില്‍ ഒരു സെഞ്ചുറിയെങ്കിലും നേടിയിട്ടുള്ളത് ശുഭ്മാൻ ഗില്‍ മാത്രമായിരുന്നു. ശരാശരിയുടെ കണക്കെടുത്താല്‍ കോഹ്ലിയാണ് മുന്നില്‍, 35.
പടിക്കലൊഴികെ ബാക്കിയെല്ലാവരും അതിലും താഴെയാണ്. ഗില്‍ 401 റണ്‍സ്, സായ് 383, കരുണ്‍ 111, കോഹ്ലി 70, രാഹുല്‍ 24, സുന്ദര്‍ 60 എന്നിങ്ങനെയാണ് റണ്‍സിന്റെ കണക്കുകള്‍.
പൂജാരയേയും ദ്രാവിഡിനേയും മാതൃകയാക്കിയാല്‍ മേല്പ്പറഞ്ഞവര്ക്കാര്ക്കും ഈ ബാറ്റിങ് പൊസിഷനോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് പടിക്കലിന്റെ ഇന്നിങ്സിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.
ഏത് ബാറ്റിങ് സാഹചര്യമാകട്ടെ, ടീമിലെ സ്ഥിരസാന്നിധ്യമാകാതെ ഓരോ മത്സരത്തിലും ഇറങ്ങുക എന്നത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്. പടിക്കല്‍ ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ അന്തിമ ഇലവനിലുണ്ടാകുമെന്ന ഉറപ്പില്ലായിരുന്നു, സായ് പരുക്കില്‍ നിന്ന് മുക്തി നേടിയെത്തിയാല്‍ പുറത്തിരിക്കേണ്ടി വരുമായിരുന്നു.
പക്ഷേ, സായ് മടങ്ങിയെത്തിയാലും താന്‍ പുറത്തിരിക്കേണ്ടവനല്ല എന്ന് പോയ വാരം തന്നെ പടിക്കല്‍ തെളിയിച്ചിരുന്നു. സന്നാഹ മത്സരത്തില്‍ 164 പന്തില്‍ 142 റണ്‍സ് പുറത്താകാതെ സ്വന്തമാക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്ക് സാധിച്ചു.
തുടര്‍ന്ന് ഗാലെയിലെത്തുമ്പോള് ആ ആത്മവിശ്വാസം താരത്തിന്റെ പ്രകടനത്തിലുണ്ടായിരുന്നു. നുവാന്തയുടെ ഷോര്‍ട്ട് ബോള്‍ മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്ത് ബൗണ്ടറി നേടിയായിരുന്നു തുടക്കം.
തൊട്ടടുത്ത ഓവറില്‍ പ്രബാത് ജയസൂര്യക്ക് എതിരേ ക്രീസ് വിട്ടിറങ്ങിയൊരു സിക്സ്. പിന്നീട് അതൊരു പരമ്പരയായി മാറി.
178 പന്തില്‍ 131 റണ്‍സ്. 12 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 73 സ്ട്രൈക്ക് റേറ്റിലായിരുന്നു പടിക്കലിന്റെ ബാറ്റിങ് പ്രകടനം.
പടിക്കല്‍ നേരിട്ട 178 പന്തുകളില്‍ 70 ശതമാനത്തോളവും സ്പിന്നര്മാരുടേതായിരുന്നു.
എന്നാല്‍ ലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് ഒരു തരത്തിലുള്ള വെല്ലുവിളിയും പടിക്കലിനെതിരെ ഉയര്‍ത്താന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, താരം അവരെ മികച്ച രീതിയില്‍ പ്രതിരോധിക്കുകയും ചെയ്തു. ഈ ഒരൊറ്റ ഇന്നിങ്സുകൊണ്ട് ഇന്ത്യയുടെ മൂന്നാം നമ്പര്‍ പരീക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണമായി അറുതിയാകുമെന്ന് പറയാനാകില്ല.
എങ്കിലും, സായ്ക്ക് മറ്റ് പിച്ചുകളില്‍ ചെയ്യാന്‍ സാധിക്കാത്തത് ഗാലെയില്‍ പടിക്കല്‍ ചെയ്തു കാട്ടി. പടിക്കലില്‍ നിന്ന് ഈ സ്ഥാനം തിരിച്ചുപിടിക്കുക അടുത്ത മത്സരങ്ങളില്‍ സായ്ക്കും എളുപ്പമാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

