നൂതന രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച് ദില്ലി എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടയിലെ വന്ദേമാതര ആലാപനം വിവാദത്തിൽ തുടരുന്നു. സംഭവത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. ചടങ്ങിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ പാടില്ലെന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബൈ പുറത്തുവിട്ടു.
ഈ ദൃശ്യങ്ങൾ രാഹുലിനെതിരെയും രാഷ്ട്രീയ ആയുധമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി നേതൃത്വം. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത്.
എന്നാൽ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഇത് സംഭവച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ നേരിട്ട് ഇടപെട്ട് ആലാപനം തടയാൻ ശ്രമിച്ചെങ്കിലും ഗായക സംഘം ദേശീയഗീതം പൂർണ്ണമായി പാടി തീർക്കുകയായിരുന്നു.
ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നത് നേതാക്കളെ അസ്വസ്ഥരാക്കി. സ്ഥിതിഗതികൾ കൈവിട്ടുപോകുന്നുവെന്ന് കണ്ട് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും ആശങ്കയോടെ നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് മല്ലികാർജുൻ ഖർഗെയും സോണിയാ ഗാന്ധിയും ഇടപെടുകയും, സേവാദൾ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുകയും ചെയ്തു. മുന്നിലുണ്ടായിരുന്ന മറ്റ് നേതാക്കളോടും ആലാപനം നിറുത്താൻ അവർ ആംഗ്യം കാണിച്ചിരുന്നു.
എന്നാൽ അപ്പോഴേക്കും ഗാനം അവസാന ചരണത്തിലെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം കടുത്ത അതൃപ്തിയോടെയാണ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത്.
വന്ദേമാതരം പൂർണ്ണമായി ആലപിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. സംഘാടക തലത്തിൽ സംഭവിച്ച ഗുരുതരമായ പിഴവാണ് ഇതിന് കാരണമെന്നാണ് സൂചനകൾ.
പുറത്തുനിന്നെത്തിച്ച ഗായക സംഘത്തിന് ഗാനം എവിടെ വരെ പാടണമെന്ന കൃത്യമായ നിർദ്ദേശം നൽകാൻ സംഘാടകർക്ക് കഴിഞ്ഞിരുന്നില്ല. അതിനിടെ, ആലാപനം തടസപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചിട്ടില്ലെന്ന ന്യായീകരണവുമായി പാർട്ടി വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് രംഗത്തെത്തി.
ഏറെ നേരമായി നിന്നിരുന്ന മല്ലികാർജുൻ ഖർഗെക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ജയറാം രമേശിന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

