പഞ്ചാബിലെ പട്യാലയിൽ വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചു.
പട്യാല ഗുമാൻ നഗറിലാണ് സംഭവം നടന്നത്. പട്യാല നിവാസികളായ അങ്കിത് സബർവാൾ, ഭാര്യ ഷിഫാലി എന്നിവർക്കാണ് പിറ്റ്ബുളിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിൽ ഷിഫാലിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കൈയിലും മറ്റുഭാഗങ്ങളിലും നായ മാരകമായി കടിച്ചുപരിക്കേൽപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. പട്യാലയിൽ തന്നെ താമസിക്കുന്ന അങ്കിതും ഭാര്യ ഷിഫാലിയും വാടകയ്ക്കുള്ള വീട് നോക്കാനായാണ് ചൊവ്വാഴ്ച വൈകിട്ട് ഗുമാൻ നഗറിലെത്തിയത്.
ഒരു ബ്രോക്കറും ഇവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പ്രവേശിക്കാനായി ബ്രോക്കർ ഗേറ്റ് തുറന്ന ഉടനെ വീട്ടിൽനിന്ന് പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു.
പിന്നാലെ ഇത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനും കടിയേറ്റു.
ഇദ്ദേഹത്തിന്റെ കാലിലും പിൻഭാഗത്തുമാണ് കടിയേറ്റത്. മിനിറ്റുകളോളം ആക്രമണം നീണ്ടുനിന്നു.
ഈ സമയം ബ്രോക്കറും വീട്ടിൽനിന്ന് എത്തിയ വീട്ടുടമയും വടി ഉപയോഗിച്ച് നായയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് കൂടുതൽപേരെത്തി നായയെ അടിച്ച് ഓടിക്കുകയായിരുന്നു.
പരിക്കേറ്റ ദമ്പതിമാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അങ്കിത് വ്യക്തമാക്കി.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഇത്തരം ആക്രമണസ്വഭാവമുള്ള നായകളെ വീട്ടിൽ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

