രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടപ്പിലാക്കിയ വൻ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും ഗാന്ധിനഗറിൽ പുറത്തുവന്നു. അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടത്തിവന്ന കള്ളപ്പണ ഇടപാടുകളാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
വ്യാജ സംഭാവനകളുടെ മറവിൽ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്ന്ന് ആദായനികുതി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ സി.ഐ.ഡി ക്രൈം വിഭാഗം ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗാന്ധിനഗറിൽ രജിസ്റ്റർ ചെയ്ത ഭാരതീയ നാഷണൽ ജനതാ ദൾ, അഹമ്മദാബാദിലെ ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നീ സംഘടനകൾക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വൻ തുകകൾ സംഭാവനയായി സ്വീകരിച്ച ശേഷം വ്യാജ രസീതുകൾ നൽകുകയാണ് ഈ സംഘങ്ങൾ ചെയ്തിരുന്നത്.
തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച്, രണ്ട് മുതൽ പത്ത് ശതമാനം വരെ കമ്മീഷൻ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല മാർഗ്ഗങ്ങളിലൂടെ യഥാർത്ഥ ദാതാക്കൾക്ക് തന്നെ തിരികെ എത്തിക്കുകയായിരുന്നു പതിവ്. ഇതിലൂടെ സംഭാവന നൽകിയ വ്യക്തികൾക്ക് ആദായനികുതി ഇളവുകൾ പൂർണ്ണമായും നിയമവിരുദ്ധമായി നേടിയെടുക്കാൻ സാധിച്ചു.
ഏറ്റവും വലിയ സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത് ഭാരതീയ നാഷണൽ ജനതാ ദൾ എന്ന പാർട്ടിയാണ്. അൻപതിനായിരത്തിലധികം ദാതാക്കളിൽ നിന്നായി 1,143 കോടിയിലധികം രൂപ കൈപ്പറ്റിയ ഇവർ 343 കോടിയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്.
വ്യാജ ബില്ലുകൾ നിർമ്മിച്ചും ഷെൽ കമ്പനികൾ വഴി പണം മാറ്റിയുമായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയത്. മറ്റ് രണ്ട് പാർട്ടികളും സമാനമായ രീതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്.
സംഭവത്തിൽ പാർട്ടികളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ, ഹവാല ഇടനിലക്കാർ, കണക്കുകൾ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി ഒപ്പിട്ടു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരെ വഞ്ചനയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

