യുഎസും ഇറാനും തമ്മിലുള്ള നയപരമായ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതും ക്രൂഡോയിൽ വിലയിലുള്ള കുതിപ്പും ആഗോള ഓഹരി വിപണികൾക്കും സ്വർണത്തിനും കനത്ത ആഘാതമാകുന്നു. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന സൂചനയാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയും ഇടിവ് രേഖപ്പെടുത്തി. ഉയർന്ന പലിശനിരക്ക് സംബന്ധിച്ച ആശങ്കകളും യുഎസ് ബോണ്ട് യീൽഡിന്റെ കുതിപ്പും ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള സൈനിക സംഘർഷം കൂടുതൽ കടുപ്പിക്കാൻ രാജ്യം സമാധാനപരമായും സൈനികമായും ഒരുനാടാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. സമാധാന പ്ലാൻ യുഎസ് അംഗീകരിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നുവെങ്കിലും, ദുർബലന്റെ ആക്രോശമെന്ന് വിശേഷിപ്പിച്ച് ഈ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളയുകയായിരുന്നു.
നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനുമേൽ വീണ്ടും ബോംബാക്രമണം പുനരാരംഭിക്കുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഞങ്ങളുടെ പണം ഞങ്ങൾക്ക് വേണം’ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇറാൻ നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.
‘‘ഞങ്ങളെന്തിനാണ് ചർച്ചയ്ക്ക് പോകുന്നത്? അതിന്റെ ഒരാവശ്യവും ഞങ്ങൾക്കില്ല. പക്ഷേ, സമാധാനത്തിനുള്ള ഒരു അവസരവും നഷ്ടപ്പെടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് ചർച്ചയ്ക്ക് ഇപ്പോഴും തയാറായി നിൽക്കുന്നത്. ഇനിയിപ്പോൾ വെല്ലുവിളി നേരിടാനാണെങ്കിൽ സർവ വ്യാപക യുദ്ധത്തിന് ഇറാൻ തയാറാണ്’’ എന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
‘‘യുദ്ധം തുടരണോയെന്ന് ട്രംപ് ആണ് തീരുമാനിക്കേണ്ടത്. ഞങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ ട്രംപ് തള്ളിയെന്ന് ഔദ്യോഗികമായി യുഎസ് ഞങ്ങളെ അറിയിച്ചിട്ടില്ല.
ചർച്ചയ്ക്ക് ഇറാൻ തയാറാണ്. അനധികൃതമായി തടഞ്ഞുവച്ച ഞങ്ങളുടെ പണവും ആസ്തികളും വിട്ടുതരണം.
ഞങ്ങളുടെ എണ്ണ വിൽക്കാൻ ഞങ്ങളെ അനുവദിക്കണം’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിക്കുന്നുണ്ടെങ്കിലും അത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമല്ലെന്ന് വ്യക്തമാക്കിയാണ് ഡോണൾഡ് ട്രംപ് അവ നിരാകരിച്ചത്.
ഇറാനെ സാമ്പത്തികമായി കൂടുതൽ ഞെരുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാൻ യുഎസ് ഒരുങ്ങുകയാണ്. ചൈനയും ഇറാനെ കൈവിടുന്നതായി വ്യക്തമാക്കിയ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്, ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി വൈകാതെ നിലയ്ക്കുമെന്നും അറിയിച്ചു.
ഇറാൻ സമ്പദ്വ്യവസ്ഥ തകർന്നുവെന്ന് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ‘‘അവരുടെ കറൻസി വെറും കടലാസായി മാറി.
ഒരു വിലയുമില്ല. അവരുടെ പണപ്പെരുപ്പം 300 ശതമാനമാണ്.
318 ശതമാനമായെന്നും കേൾക്കുന്നു. അവരുടെ പണം തകർന്നു.
സമ്പത്ത് തകർന്നു. സൈന്യവും തകർന്നു’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം, ചർച്ചയ്ക്ക് യുഎസും സന്നദ്ധമാണെന്നും ഇറാനെതിരെയുള്ള സൈനിക നടപടി ഉടൻ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിന് മുൻപ് ഇറാനെ വീണ്ടും ആക്രമിക്കുമോ എന്ന ചോദ്യത്തിന്, ‘‘ഞാൻ എപ്പോഴും അതാണ് ആലോചിക്കുന്നത്’’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
∙ പശ്ചിമേഷ്യയിൽ നിലവിൽ സംഘർഷഭരിതമായി തുടരുന്ന സൗദി അറേബ്യയും ശ്രദ്ധാകേന്ദ്രമാണ്. ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതി വിമതർ സൗദിയുടെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
റിയാദിൽ സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്. ∙ ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ സാധിക്കില്ലെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
എന്നാൽ ആണവായുധ നിർമാണം ലക്ഷ്യമല്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ചർച്ചകളിലൂടെ മാത്രമേ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ ഹോർമുസ് കടലിടുക്ക് വഴി കഴിഞ്ഞയാഴ്ച ഇരുപത് ദശലക്ഷത്തിലധികം ബാരൽ എണ്ണ കടന്നുപോയതായും അതിന്റെ പൂർണ നിയന്ത്രണം യുഎസിനാണെന്നും ട്രംപ് വ്യക്തമാക്കി. വിപണികളിൽ കനത്ത തിരിച്ചടി; സ്വർണവില താഴേക്ക് ഇറാൻ-യുഎസ് വാഗ്വാദം ശക്തമായതോടെ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.59 ശതമാനം ഉയർന്ന് 106 ഡോളറിലെത്തി. അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് വില 1.18 ശതമാനം വർധിച്ച് 93.50 ഡോളറിലുമാണ്.
ഈ വർധന ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യതകൾ കൂടിയായതോടെ യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡും മുന്നേറുകയാണ്.
ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരപ്പിലെത്തിയ പത്തുവർഷത്തെ ബോണ്ട് യീൽഡ് നിലവിൽ 5.205 ശതമാനത്തിലാണ്. 2007നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
മുപ്പതുവർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2004നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഡോളർ സൂചികയും 101ന് മുകളിൽ ശക്തമായി തുടരുകയാണ്.
ബോണ്ട് യീൽഡുകളുടെയും ഡോളറിന്റെയും ഈ മുന്നേറ്റമാണ് ഓഹരി വിപണികളെ പ്രധാനമായി തകർക്കുന്നത്. നിക്ഷേപകർ ഓഹരികൾ ഉപേക്ഷിച്ച് ബോണ്ടുകളിലേക്ക് പണമൊഴുക്കുന്നത് തിരിച്ചടിയാകുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 73.22 ഡോളർ ഇടിഞ്ഞ് 4213.7 ഡോളറിലെത്തി. കേരളത്തിലും സ്വർണവിലയിൽ ഇടിവുണ്ടാകാനാണ് സാധ്യത.
ഇന്ത്യൻ വിപണിയിലും പ്രതിഫലനം യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി 500, നാസ്ഡാക് 100 സൂചികകൾ 0.4 ശതമാനം വരെ ഇടിഞ്ഞു. ഏഷ്യൻ വിപണികൾ സമ്മിശ്രാവസ്ഥയിലാണ്.
ജാപ്പനീസ് നിക്കേയ്, ഹോങ്കോങ് സൂചികകൾ നേരിയ നേട്ടമുണ്ടാക്കിയപ്പോൾ ഷാങ്ഹായ്, കൊറിയൻ കോസ്പി സൂചികകൾ നഷ്ടത്തിലാണ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി എഴുപതിലേറെ പോയിന്റ് താഴ്ന്നത് സെൻസെക്സിനും നിഫ്റ്റിക്കും തിരിച്ചടിയാകുമെന്ന സൂചനയാണ് നൽകുന്നത്.
∙ ഇറാന്റെ സമാധാന നിർദേശം ട്രംപ് തള്ളിയതോടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അനിശ്ചിതത്വത്തിലായി. ഇത് എണ്ണവില വർധിപ്പിക്കുകയും ഓഹരി വിപണിയെയും ഇന്ത്യൻ രൂപയെയും സമ്മർദത്തിലാക്കുകയും ചെയ്യുന്നു.
∙ കഴിഞ്ഞ സെഷനിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 19 പൈസ ഉയർന്ന് 95.80ൽ എത്തിയിരുന്നുവെങ്കിലും ഇന്ന് കനത്ത സമ്മർദം നേരിടാൻ സാധ്യതയുണ്ട്.
∙ കഴിഞ്ഞ സെഷനിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 3694 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
വിദേശ നിക്ഷേപകരുടെ ഈ പിന്മാറ്റവും ഇന്ത്യൻ വിപണിക്ക് കനത്ത തിരിച്ചടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

