പെരുമ്പാവൂർ മേഖലയിൽ പാമ്പുകളെ തുരത്തുമെന്ന വിശ്വാസത്തിൽ നട്ടുപിടിപ്പിച്ച സ്നേക്ക് പ്ലാന്റിനു സമീപത്തുനിന്നും പെരുമ്പാമ്പിന്റേതെന്നു കരുതുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. വെങ്ങോല പഞ്ചായത്തിലെ 22-ാം വാർഡ് മേപ്രത്തുപടി തൈക്കാവിന് എതിർവശം താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് അപ്രതീക്ഷിതമായി ഈ സംഭവം ഉണ്ടായത്.
ഷെജീറിന്റെ ഭാര്യ റമീസ വീട്ടുമുറ്റത്ത് ജമന്തി തൈകൾ നടുന്നതിനായി മണ്ണു പരിശോധിക്കുന്നതിനിടയിലാണ് മുട്ടകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിനു തൊട്ടടുത്തായാണ് പാമ്പുകൾ അടുക്കില്ലെന്ന ധാരണയിൽ സ്നേക്ക് പ്ലാന്റ് വളർത്തിയിരുന്നത്.
ഏകദേശം പത്ത് സെന്റീമീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്തപ്പോഴേക്കും വെള്ള നിറത്തിലുള്ള മുട്ടകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് മുഖേന വനം വകുപ്പിലും മൃഗക്ഷേമ വകുപ്പിലും വിവരം ഔദ്യോഗികമായി അറിയിച്ചു.
വീടിനു സമീപത്തായി പാമ്പുകൾ എത്തുകയില്ലെന്ന വിശ്വാസത്തിൽ പരിപാലിച്ചിരുന്ന സ്നേക്ക് പ്ലാന്റിനോട് ചേർന്ന് ഇത്തരത്തിൽ മുട്ടകൾ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. മുട്ടകൾ പെരുമ്പാമ്പിന്റേതാകാൻ സാധ്യതയുണ്ടെന്ന് കോടനാട് ഡിഎഫ്ഒ അറിയിച്ചതിനെ തുടർന്ന്, ഇവ സുരക്ഷിതമായി കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.
പാടശേഖരവും തോടും സ്ഥിതി ചെയ്യുന്ന ചതുപ്പ് പ്രദേശത്തോട് ചേർന്നാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

