മധുര–കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയാൽ പോലും പദ്ധതിയുടെ രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഇടമൺ – ആര്യങ്കാവ് ഭാഗത്തെ പ്രവർത്തനങ്ങൾ കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ. 2900 കോടി രൂപയുടെ ബൃഹത് പദ്ധതിയിലൂടെ ഈ മേഖലയിൽ പാത യാഥാർത്ഥ്യമാക്കുമെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും, പരിസ്ഥിതി ലോല പ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ കനത്ത കടമ്പയായി മാറും.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പുനലൂർ–ചെങ്കോട്ട റോഡ് വീതികൂട്ടി ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമാക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
ഈ മേഖലയിൽ പുതിയ പാതയുടെ നിർമാണം പ്രായോഗികമല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെയുള്ള ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ പുനലൂർ – ചെങ്കോട്ട പാത തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ ഈ റോഡിന്റെ ചില ഭാഗങ്ങളിൽ കഷ്ടിച്ച് 10 മീറ്റർ വീതിപോലുമില്ലാത്ത അവസ്ഥയാണുള്ളത്. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും റെയിൽവേ പാതയും മറുവശത്ത് നദിയുമിരിക്കെ, ഇവിടെ 30 മീറ്റർ വീതി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്.
ഇതോടൊപ്പം 9.70 കിലോമീറ്റർ ദൂരത്തിൽ തുരങ്കങ്ങൾ നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. പരിസ്ഥിതി ലോല മേഖലയിൽ 30 മീറ്റർ വീതിയിൽ പത്തുകിലോമീറ്ററോളം ദൂരം തുരങ്കം നിർമിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അധികൃതർ ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കടമ്പാട്ടുകോണത്തുനിന്ന് ഇടമൺ വരെയുള്ള ഭാഗത്ത് 45 മീറ്റർ വീതിയുള്ള പാത, ഇടമണ്ണിൽ എത്തുമ്പോൾ 30 മീറ്ററായി ചുരുങ്ങുന്നതും പദ്ധതിയുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രദേശത്ത് വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ഉണ്ടായാൽ അത് മലയിടിച്ചിൽ പോലുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിഷയത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും മുന്നറിയിപ്പുകൾ നിലവിലുണ്ട്. റോഡ് നിർമാണത്തിനായി നഷ്ടമാകുന്ന 61 ഹെക്ടർ വനഭൂമിക്ക് പകരമായി സർക്കാർ പുതിയ സ്ഥലം കണ്ടെത്തി നൽകേണ്ടതുണ്ട്.
ഇത് സാധ്യമായില്ലെങ്കിൽ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കുക എളുപ്പമാകില്ല. റോഡിനോട് ചേർന്നു ഒഴുകുന്ന നദിയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടായാൽ കനത്ത മഴക്കാലത്ത് വൻ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എങ്കിലും, ഇത്തരം പ്രതിസന്ധികളെല്ലാം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കാൻ സാധിക്കുമെന്നാണ് നാഷനൽ ഹൈവേ അതോറിറ്റിയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

