കേരളത്തിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആലുവ മണപ്പുറം പൂർണ്ണമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലും നിശ്ചയിച്ച പ്രകാരം മഹാദേവക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12.10ന് ആറാട്ട് ചടങ്ങുകൾ നടന്നു.
പുഴയിൽ മൂന്നടിയോളം ജലനിരപ്പ് ഉയരുകയും ചെളിയുടെ അളവ് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയിലും ജലനിരപ്പ് ഉയരുന്ന പ്രവണതയാണ് തുടരുന്നത്.
രാവിലെ ഏഴോടെയാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. കൽപ്പടവുകൾ പൂർണ്ണമായി മുങ്ങിയതിനെത്തുടർന്ന് ചപ്പാത്തിലൂടെ വെള്ളം ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു.
പുഴയോരത്ത് പിതൃകർമ്മങ്ങൾക്കായി തയ്യാറാക്കിയിരുന്ന ബലിത്തറകളിലേക്കും വെള്ളം കയറി. ഇതിനെത്തുടർന്ന് ബലിതർപ്പണ ചടങ്ങുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മുട്ടോളം വെള്ളത്തിൽ ഇറങ്ങിനിന്നാണ് ഭക്തർ പിന്നീട് ക്ഷേത്രദർശനം നടത്തിയത്. ചെളി കലങ്ങി നിറം മാറിയാണ് പെരിയാർ ഒഴുകുന്നത്.
പുഴയിൽ ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്. കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലം അവസാനിക്കുന്ന ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കാഴ്ചക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ പൊലീസ് സ്ഥലത്തെത്തി നടപ്പാലത്തിന്റെ ഗേറ്റ് പൂട്ടി മുദ്രവെച്ചു. പെരിയാറിലെ ഉയർന്ന ജലനിരപ്പിന് സമീപം നിന്ന് ഫോട്ടോയും സെൽഫിയും റീൽസുമെടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ഗേറ്റ് അടച്ചിടാൻ അധികൃതരെ പ്രേരിപ്പിച്ചത്.
പെരിയാറിൽ ജലനിരപ്പ് ഇനിയുമായാൽ വെള്ളം ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ തൊട്ടേക്കാവുന്ന അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

