കുമരകം: കിഴക്കൻ മലവെള്ളത്തെ സംഭരിച്ച് കടലിലേക്ക് ഒഴുക്കിവിടുന്ന വേമ്പനാട്ടു കായൽ ആഴവും വിസ്തൃതിയും കുറഞ്ഞ് ഭീഷണിയാകുന്നു. കായലിന്റെ ജലസംഭരണ ശേഷി കുത്തനെ ഇടിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ 2018-ലേതിന് സമാനമായ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയേറുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിസ്തൃതി പകുതിയിലധികമായി കുറഞ്ഞു
ഒരുകാലത്ത് 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന വേമ്പനാട്ടു കായൽ നിലവിൽ 175 ചതുരശ്ര കിലോമീറ്റർ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പഠനങ്ങൾ അനുസരിച്ച് ഓരോ വർഷവും ശരാശരി 20 മില്ലിമീറ്റർ വീതമാണ് കായലിന്റെ അടിത്തട്ട് ഉയരുന്നത്.
മീനച്ചിലാറും അതിന്റെ പോഷകനദികളും കായലിലേക്ക് പതിക്കുന്ന ഭാഗങ്ങളിൽ വർഷങ്ങളായി അടിയുന്ന എക്കൽ നീക്കം ചെയ്യാൻ അധികൃതർ മുന്നൊരുക്കം നടത്താത്തതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. 2018-ലെ മഹാപ്രളയവും എക്കൽ നിക്ഷേപവും
സാധാരണഗതിയിൽ അഞ്ച് വർഷം കൊണ്ട് അടിയേണ്ടത്ര എക്കലാണ് 2018-ലെ ഒറ്റ വെള്ളപ്പൊക്കം കൊണ്ട് കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയത്.
തുടർന്നുളള 8 വർഷം കൊണ്ട് അടിത്തട്ടിന്റെ ആഴം വീണ്ടും ഗണ്യമായി കുറഞ്ഞു. കായലിന്റെ അടിത്തട്ടിൽനിന്ന് വളർന്നുപൊന്തിയ ജലസസ്യങ്ങൾ വെള്ളത്തിനു മീതെ പ്രത്യക്ഷപ്പെടുന്നത് കായലിന്റെ ആഴമില്ലായ്മയ്ക്ക് തെളിവായി കഴിഞ്ഞ ആഴ്ചകളിലും കാണാമായിരുന്നു.
കിഴക്കൻ മേഖലയിൽനിന്ന് വൻതോതിൽ വെള്ളമെത്തുന്ന സാഹചര്യത്തിൽ, കായലിന് വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ വന്നാൽ പടിഞ്ഞാറൻ പ്രദേശം വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

