തിരുവനന്തപുരം നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മേയർ വി.വി. രാജേഷ് ഇന്ന് എട്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലേക്ക് പുറപ്പെടും.
ഫിലാഡൽഫിയയിൽ സംഘടിപ്പിക്കുന്ന ഫോക്കാനോ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഈ യാത്ര. യാത്രയുടെ ഭാഗമായി ടെക്സാസ്, വാഷിങ്ടൺ ഡി.സി, ന്യൂയോർക്ക്, ഹൂസ്റ്റൺ തുടങ്ങിയ നഗരങ്ങളിലെ മലയാളി സമൂഹവുമായും തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിവിധ നഗരങ്ങളിലെ മേയർമാരുമായി ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വി.വി. രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്.
മേയറായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഫോക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നു. ന്യൂജേഴ്സിയിൽ അരങ്ങേറുന്ന നാമം അവാർഡ് നൈറ്റിലും മേയർ സന്നിഹിതനാകും.
ഈ വേദിയിൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ കേന്ദ്രങ്ങളുടെ പ്രാധാന്യവും സാധ്യതകളും സംബന്ധിച്ച് ചർച്ചകൾ നടക്കും. ലോകപ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ.
എം.വി. പിള്ള ഉൾപ്പെടെയുള്ള പ്രമുഖരുമായി അദ്ദേഹം ആശയവിനിമയം നടത്തും.
തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രംഗത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ സഹകരണവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സന്ദർശനം പൂർത്തിയാക്കി മേയർ ഓഗസ്റ്റ് പത്തിന് തിരികെ എത്തിച്ചേരും.
മേയറുടെ അസാന്നിധ്യത്തിൽ ഈ ദിവസങ്ങളിലെ ചുമതല ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിന് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

