പാർപ്പിട മേഖലയിൽ രാത്രികാലങ്ങളിൽ അമിത ശബ്ദത്തിൽ ബൈക്ക് ഓടിച്ച് താമസക്കാരുടെ സ്വൈര്യം കെടുത്തിയ യുവാവിന് മോട്ടർ വാഹന വകുപ്പിന്റെ പിഴയും നടപടിയും.
സംഭവത്തിൽ യുവാവിന്റെ ബൈക്കും അധികൃതർ കസ്റ്റഡിയിലെടുത്തു. കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ വില്ലയിലെ താമസക്കാരുടെ പരാതിയെ തുടർന്നാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
കളമശേരിയിലെ സ്റ്റാർട്ട്അപ് കമ്പനി ജീവനക്കാരനാണ് രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിൽ ശല്യം സൃഷ്ടിച്ചിരുന്നത്. ഈ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവ് രാത്രി വൈകി അയൽക്കാർ ഉറങ്ങുന്ന സമയത്താണ് ജോലി കഴിഞ്ഞ് എത്താറുള്ളത്.
വില്ലയ്ക്കു 500 മീറ്റർ ദൂരെ നിൽക്കുമ്പോൾ തന്നെ ഇയാളുടെ ബൈക്കിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം കേൾക്കാമെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. ഭീകരമായ ശബ്ദം പുറപ്പെടുവിച്ചുള്ള ഈ വരവോടെ പലരുടെയും ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു.
അയൽക്കാർ വീണ്ടും ഉറക്കത്തിലേക്ക് വീഴുമ്പോൾ യുവാവ് കുളിച്ച് വസ്ത്രം മാറി ഭക്ഷണം കഴിക്കാൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്യും. ഇതോടെ ഉറങ്ങിയവർ വീണ്ടും ഞെട്ടിയുണരും.
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് വെടിക്കെട്ട് ശബ്ദത്തോടെയുള്ള ഇയാളുടെ തിരിച്ചു വരവിലും പരിസരവാസികൾക്ക് വീണ്ടും ഉറക്കം നഷ്ടപ്പെടുന്നു. ശല്യം അസഹ്യമായതിനെ തുടർന്ന് ഇന്നലെ രാവിലെ ഇവിടത്തെ മുതിർന്ന പൗരൻമാരിലൊരാൾ എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിനെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചയുടൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, വി.കശ്യപ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായിരുന്നില്ല. തുടർന്ന് കളമശേരിയിലെ ഓഫിസിൽ എത്തിച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ബൈക്കിന്റെ സൈലൻസർ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 7,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സൈലൻസർ പഴയ രൂപത്തിലാക്കി ആർടിഒ ഓഫിസിൽ ഹാജരാക്കിയ ശേഷമേ ഇനി വാഹനം ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, മോട്ടർ വാഹന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും യുവാവിന് നോട്ടിസ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

