കൊച്ചിയിലെ തെരുവു കുട്ടികളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബ്രദർ മാവൂരിസ് മാളിയേക്കൽ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
1980-കളിൽ കൊച്ചി നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്ന കുട്ടികളെ മാഫിയ സംഘങ്ങളുടെ പിടിയിൽ നിന്നും ബാലവേലയിൽ നിന്നും മോചിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. സിഎംഎ സഭാഗമായ ബ്രദർ മാളിയേക്കൽ, രക്ഷപ്പെടുത്തുന്ന കുട്ടികളെ സുരക്ഷിതമായ അനാഥമന്ദിരങ്ങളിൽ എത്തിക്കുകയും അവർക്ക് ആവശ്യമായ വിദ്യാഭ്യാസവും പിന്നീട് താമസിക്കാനുള്ള വീടും ഒരുക്കിനൽകുകയും ചെയ്തിരുന്നു.
തന്റെ ഔദ്യോഗിക ജീവിത കാലയളവിൽ രണ്ടായിരത്തിലധികം കുട്ടികളെയാണ് അദ്ദേഹം തെരുവിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

