സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭ്യമല്ലാതായതോടെ ഇത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെയായി സംസ്ഥാനത്തിന് 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ അധിക നഷ്ടം നേരിടേണ്ടി വന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു പ്രാഥമികമായി കരാറിലേർപ്പെട്ടിരുന്നത്. 2016 മുതൽ ഈ കരാർ പ്രകാരം വൈദ്യുതി വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വൈദ്യുതി വാങ്ങുന്നത് തടയുകയുണ്ടായി. പിന്നീട് സർക്കാർ തലത്തിലുള്ള ഇടപെടലുകളെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും, ഇതിനെതിരെ സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് തിരിച്ചടിയാകുന്ന വിധി സമ്പാദിക്കുകയുമായിരുന്നു.
ഈ വിധിക്കെതിരെ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം കോടതിക്ക് മുമ്പാകെ എത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി ആണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

