കൃഷ്ണഗിരി: ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ തമിഴ്നാട് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെ മുതൽ നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച 20-ലേറെ ബസുകൾക്കായി 25 ലക്ഷത്തോളം രൂപ പിഴ ഈടാക്കി.
വെല്ലൂർ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണർ, ഹൊസൂർ ആർടിഒ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണി മുതലാണ് ഹൊസൂരിൽ പരിശോധന ആരംഭിച്ചത്. കേരളം, തമിഴ്നാട്ടിലെ വിവിധ ജില്ലകൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരു ലക്ഷ്യമാക്കി സർവീസ് നടത്തുന്ന വാഹനങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.
സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കെതിരെ യാത്രക്കാരിൽ നിന്നും വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പരിശോധനയിൽ പല ബസുകളും യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ നികുതി വെട്ടിപ്പും അധികൃതർ കണ്ടെത്തി. ബസുകളുടെ പെർമിറ്റുകളും നികുതിയടച്ച രേഖകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.
തുടർന്ന് നിയമലംഘനം കണ്ടെത്തിയ വിവിധ ബസുകൾക്കെതിരെ പിഴ ചുമത്തുകയായിരുന്നു. അവധിക്കാലത്ത് യാത്രക്കാരിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെയുള്ള പരിശോധന കർശനമായി തുടരുമെന്നും, നിയമലംഘനം ആവർത്തിച്ചാൽ ബസുകൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

