അദാനി ഗ്രൂപ്പ് വിമാന സർവീസ് മേഖലയിലേക്ക് പ്രവേശിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പ്. പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനായി നിയമഭേദഗതി തേടി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അദാനി എന്റർപ്രൈസസ് ഔദ്യോഗികമായി നിഷേധിച്ചു.
മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നാണ് കമ്പനിയുടെ നിലപാട്. നിലവിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74 ശതമാനം ഓഹരി പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിനുള്ളത്.
വിമാനത്താവള നടത്തിപ്പിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് എയർലൈൻ കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വെക്കാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഈ നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് കേന്ദ്ര സർക്കാരിനെ സമീപിച്ചെന്നും ഇതിൽ അനുകൂല നടപടികൾ ഉണ്ടാകുമെന്നുമായിരുന്നു പ്രധാന പ്രചാരണം.
അതേസമയം, അദാനിയുടെ പേരിൽ വ്യോമഗതാഗത രംഗത്തേക്ക് പുതിയ കമ്പനി എത്തുന്നതിനെതിരെ പ്രമുഖ കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളുടെ ചുമതല വഹിക്കുന്നവർ തന്നെ എയർലൈൻ സർവീസുകൾ ആരംഭിക്കുന്നത് വലിയ തോതിലുള്ള താൽപ്പര്യവ്യത്യാസത്തിന് (കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്) കാരണമാകുമെന്ന് ഇൻഡിഗോ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുൽ ഭാട്ടിയ വ്യക്തമാക്കിയിരുന്നു.
സമാനമായ നിലപാടാണ് എയർ ഇന്ത്യയും സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.
ഇന്ത്യൻ വ്യോമയാന വിപണിയിൽ നിലവിൽ ഇൻഡിഗോയും എയർ ഇന്ത്യയുമാണ് ആധിപത്യം പുലർത്തുന്നത്. ആകെ വിപണിയുടെ 90 ശതമാനവും ഈ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലാണ്.
മുൻപ് ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് തുടങ്ങിയവ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ അവസാനിപ്പിച്ചിരുന്നു. സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയവയ്ക്ക് വിപണിയിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിൽ അദാനിയുടെ കടന്നുവരവ് പ്രമുഖ കമ്പനികൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകൾക്കിടയാണ് കമ്പനിയുടെ പുതിയ വിശദീകരണം. വിമാനക്കമ്പനികൾക്ക് വിമാനത്താവള മാനേജ്മെന്റ് കമ്പനികളിൽ പ്രമോട്ടർ പദവിയോടുകൂടിയ ഓഹരികൾ സ്വന്തമാക്കാനും നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, മുംബൈ, നവിമുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പുർ, ഗുവാഹതി തുടങ്ങിയ പ്രധാനപ്പെട്ട
വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

