പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഇറാനിൽ പരസ്യമായ വധഭീഷണി. ടെഹ്റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡുകളിലൂടെയാണ് അമേരിക്കൻ ഭരണകൂടത്തിനെതിരെ വെല്ലുവിളി ഉയർന്നിരിക്കുന്നത്.
അമേരിക്കൻ പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിൽ ഡൊണാൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങൾ പതിച്ചാണ് ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പശ്ചാത്തലമാക്കി തയ്യാറാക്കിയ ഈ ബോർഡിൽ “ചോരയ്ക്ക് പകരം ചോര” എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയി ഉൾപ്പെടെയുള്ളവരുടെ മരണത്തിന് പകരം വീട്ടുമെന്ന മുന്നറിയിപ്പായാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്.
ഇതിന് പുറമെ ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ മറ്റൊരു ബോർഡ് കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രത്തിന് താഴെയായി “ഞങ്ങൾ ട്രംപിനെ കൊല്ലും” എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.
കൂടാതെ, റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേര് പരാമർശിച്ച് “അടുത്തത് ആര്?” എന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. ഖമനെയിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ ആയത്തുള്ള മൊജ്തബ ഖമനെയി ഉൾപ്പെടെയുള്ള ഇറാനിയൻ നേതൃത്വം അമേരിക്കയ്ക്കെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തന്നെ വധിക്കാൻ ഇറാൻ ശ്രമം നടത്തിയാൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് അതീവ വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് ഇതിനുമുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

