കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുന്ന സാഹചര്യത്തിൽ, പാർട്ടി നേതൃത്വത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രംഗത്ത്. താൻ രാജിവെക്കാൻ തയ്യാറാണെന്നും എന്നാൽ വിമത നേതാക്കൾ മമതാ ബാനർജിയുടെ അടുത്തേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡയമണ്ട് ഹാർബർ ലോക്സഭാ എംപിയായ അഭിഷേക് ബാനർജി മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്. “മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും ‘ദീദി’യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന്” അദ്ദേഹം പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നവർ നേരത്തെ തന്നെ ബി.ജെ.പിയുമായി ധാരണയിലെത്തിയവരാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികളായ ഇ.ഡി, സി.ബി.ഐ എന്നിവയുടെ നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഇവർ പാർട്ടി വിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ ഉണ്ടെങ്കിലും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ വിമതരും ഏജൻസികളെ നേരിടാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. “ദില്ലിയിലിരിക്കുന്ന അധികാരികൾക്ക് മുന്നിലല്ല, ജനാധിപത്യത്തിൽ ജനങ്ങൾക്ക് മുന്നിൽ മാത്രമേ താൻ തലകുനിക്കൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന ജൂലൈ 21-ലെ രക്തസാക്ഷി ദിന റാലിക്ക് മുൻപ് പാർട്ടി വിട്ടവർക്ക് മടങ്ങിവരാൻ അവസരമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, മുതിർന്ന നേതാവ് കല്യാൺ ബാനർജി ഇതിനെ ശക്തമായി എതിർത്തു. പാർട്ടി വിട്ടുപോയവരെ തിരിച്ചെടുത്താൽ താൻ ആദ്യം പാർട്ടി വിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, തൃണമൂലിൽ ഇനി ‘അമ്മായിയും മരുമകനും’ മാത്രമേ ബാക്കിയുണ്ടാകൂ എന്ന് ബി.ജെ.പി നേതാവ് സുകാന്ത മജൂംദാർ പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

