ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണ നിർമാണ മേഖലയിൽ നിർണായകമായൊരു മാറ്റത്തിന് വഴിയൊരുങ്ങുന്നു. സ്മാർട്ട്ഫോണുകളുടെയും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഡിക്സൺ ടെക്നോളജീസും വിവോ മൊബൈൽ ഇന്ത്യയും ചേർന്ന് രൂപീകരിക്കുന്ന സംയുക്ത സംരംഭത്തിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകി.
2020-ലെ പ്രസ് നോട്ട് 3 പ്രകാരമുള്ള സർക്കാർ അനുമതി ലഭിച്ചതോടെയാണ് നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലായത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ആണ് ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടിയതെന്ന് ഡിക്സൺ ഓഹരി വിപണിയെ അറിയിച്ചു.
പുതിയ സംരംഭത്തിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ഡിക്സണിനും 49 ശതമാനം ഓഹരി പങ്കാളിത്തം വിവോ മൊബൈൽ ഇന്ത്യക്കുമായിരിക്കും. 2024 ഡിസംബറിലാണ് ഇരു കമ്പനികളും ഇതുസംബന്ധിച്ച പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്.
സർക്കാർ അനുമതി ലഭിച്ചതോടെ അന്തിമ സംയുക്ത സംരംഭ കരാറും ഓഹരിയുടമകളുടെ കരാറും പൂർത്തിയാക്കിയതായി കമ്പനി അധികൃതർ വ്യക്തമാക്കി. പ്രധാനമായും വിവോ സ്മാർട്ട്ഫോണുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ കമ്പനിയിൽ, കരാർ അടിസ്ഥാനത്തിൽ മറ്റ് ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും നിർമിക്കും.
ഇത് ഡിക്സണിന്റെ ഉൽപ്പാദന ശേഷിയിലും ബിസിനസ് വിപുലീകരണത്തിലും വലിയ സ്വാധീനം ചെലുത്തും. കമ്പനീസ് ആക്ട്, 2013 പ്രകാരം രജിസ്റ്റർ ചെയ്യുന്ന ഈ സ്ഥാപനം ഡിക്സണിന്റെ ഒരു അനുബന്ധ കമ്പനിയായാണ് പ്രവർത്തിക്കുക.
ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപയാണ് ഇരു കമ്പനികളും ചേർന്ന് നിക്ഷേപിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി വിവോയുടെ ഇന്ത്യയിലെ നിർമാണ ആസ്തികളുടെ ഒരു ഭാഗം പുതിയ കമ്പനിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ സർക്കാർ അനുമതി നിർബന്ധമാക്കുന്ന നയമാണ് 2020-ലെ പ്രസ് നോട്ട് 3. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.
പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം രണ്ട് മുതൽ 2.2 കോടി വരെ സ്മാർട്ട്ഫോണുകൾ അധികമായി നിർമിക്കാനും, ഏകദേശം 30,000 കോടി രൂപയുടെ വാർഷിക അധിക വരുമാനം നേടാനും സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
2026-27 സാമ്പത്തിക വർഷത്തിൽ 1.1 കോടി സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനും, തുടർന്ന് 2027-28 വർഷങ്ങളിൽ ഉൽപ്പാദനം കൂടുതൽ വിപുലീകരിക്കാനുമാണ് കമ്പനികൾ പദ്ധതിയിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

