കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ തകർന്നു വീണതിന് സമാനമായ കാലപ്പഴക്കമുള്ള ശേഷിക്കുന്ന മൂന്ന് ഗോപുരങ്ങളും പൊളിച്ചുനീക്കാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട
നടപടികൾ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. ഇതിനോടകം തന്നെ ഒരു ഗോപുരത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ നീക്കം ചെയ്യുകയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരുമ്പ് പൈപ്പുകൾ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ തകർന്നു വീണ ഗോപുരത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങളാൽ രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് – കണ്ണൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിൻ വെസ്റ്റ്ഹിൽ വരെ മാത്രമായി ചുരുക്കിയ നടപടി തുടരും.
സംഭവത്തിൽ റെയിൽവേ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി, സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പാലക്കാട്ട് എത്തി അധികൃതർക്ക് മുന്നിൽ മൊഴി നൽകും. ഇതിനിടെ, അപകടം നടന്ന ദിവസത്തെ സംഭവങ്ങൾ ഓർത്തെടുത്ത് സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ് രംഗത്തെത്തി.
“ബുധനാഴ്ച ഡിവിഷനൽ റെയിൽവേ മാനേജരുടെ പരിശോധനയുണ്ടാകുകയും പൊളിച്ചു നീക്കാൻ നിർമാണ കരാറുകാരോടു കർശനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ഞാനും ഡപ്യൂട്ടി സ്റ്റേഷൻ മാനേജരും ചീഫ് ഹെൽത്ത് ഇൻസ്പെക്ടറും പരിശോധന നടത്തുമ്പോൾ ഗോപുരം പതിവിലധികം നനഞ്ഞു കുതിർന്നതും വിള്ളൽ വർധിച്ചതും ശ്രദ്ധിച്ചു.” അപകടസാധ്യത മുന്നിൽക്കണ്ട് ഉടൻ തന്നെ ആർപിഎഫിനെ വിവരം അറിയിക്കുകയും പ്ലാറ്റ്ഫോം രണ്ടിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.
ഫുട്ഓവർ ബ്രിജിൽനിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം പൂർണമായി തടയുകയും, 100 മീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥരെ കാവൽ നിർത്തി പ്രദേശം സുരക്ഷിതമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗോപുരം തകർന്നു വീണത്.
കൃത്യസമയത്ത് കൈക്കൊണ്ട ജാഗ്രതാ നടപടികൾ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതായി സി.കെ.ഹരീഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

