ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി എയർകണ്ടീഷൻ ചെയ്ത അത്യാധുനിക കാത്തിരിപ്പു കേന്ദ്രം പ്രവർത്തനമാരംഭിച്ചു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 4.5 കോടി രൂപ ചെലവിൽ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
ഒന്നാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകതകൾ
ഒരേസമയം 22 പേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രീമിയം സൗകര്യങ്ങളോടെയാണ് കാത്തിരിപ്പു കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ശുചിമുറി സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് വിഭാഗം പരിഗണിക്കാതെ തന്നെ ഇവിടെ പ്രവേശനം അനുവദിക്കും.
ആദ്യ ഒരു മണിക്കൂറിന് 30 രൂപയാണ് ഫീസ്. തുടർന്ന് വരുന്ന ഓരോ മണിക്കൂറിനും 30 രൂപ വീതം അധികമായി നൽകണം.
നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ
സ്റ്റേഷന്റെ മുൻഭാഗം ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഇതിനുപുറമെ പുതിയ കൗണ്ടറുകൾ, പ്ലാറ്റ്ഫോം മേൽക്കൂരകൾ നവീകരണം, വിശ്രമമുറികളുടെ നവീകരണം എന്നിവ പൂർത്തിയായി.
സ്റ്റേഷൻ മുൻവശത്ത് ടാക്സി, ഓട്ടോ പാർക്കിങ്ങിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. കൂടാതെ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കുകയും സിസിടിവി ക്യാമറകൾ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, പുതിയ കവാടങ്ങൾ, കൂടുതൽ ഇരിപ്പിടങ്ങൾ എന്നിവയും സ്ഥാപിച്ചു.
ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയായെന്നും, നിർമ്മാണം പുരോഗമിക്കുന്ന നടപ്പാലം ഉടൻ തന്നെ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

