സംസ്ഥാന ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കായി മാത്രമായി രാത്രികാലങ്ങളിൽ പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കും.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആധുനിക ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഗതാഗത വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
കെഎസ്ആർടിസി ആധുനികവൽക്കരണം
ബസുകൾ സ്പോൺസർഷിപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.
കൂടാതെ, എംഎൽഎ ഫണ്ട് വിനിയോഗിച്ച് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഡിപ്പോകളുടെ നവീകരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കും.
റെയിൽവേ മാതൃകയിൽ ബസുകളിൽ വെയ്റ്റ് ലിസ്റ്റ്, തത്കാൽ ബുക്കിങ് സംവിധാനങ്ങൾ നടപ്പിലാക്കും. വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരുടെ എണ്ണം 50-ൽ അധികമായാൽ ആ റൂട്ടിൽ അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സേവനങ്ങളും സൗകര്യങ്ങളും
യാത്രക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഫീഡ്ബാക്ക് സംവിധാനവും ഏർപ്പെടുത്തും. മികച്ച രീതിയിൽ സേവനം നടത്തുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എല്ലാ മാസവും പുരസ്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കും.
ഇതിനുപുറമെ, കെഎസ്ആർടിസി കാർഗോ സേവനങ്ങളും ഓൺലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പരിസ്ഥിതി സൗഹൃദവും സുരക്ഷയും
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
ഇലക്ട്രിക് റിക്ഷകളിലേക്കും ടാക്സികളിലേക്കും മാറുന്നവർക്ക് സബ്സിഡിയും വായ്പകളും ലഭ്യമാക്കും. സംസ്ഥാനത്ത് സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കും.
റോഡ് സംസ്കാരം മെച്ചപ്പെടുത്തുന്നതിനായി ഒരു സമഗ്ര ട്രാഫിക് നയം രൂപീകരിക്കാനും, ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും വകുപ്പ് നടപടി സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

