ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് സായുധ പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.
അഡ്വ. കെ.എം.ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എ.ബദറുദീൻ ആണ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് ഇവർക്ക് നിയമനം നൽകിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഏപ്രിൽ 21-ന് ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ഷിനു ചൊവ്വയുടെ ആവശ്യം കോടതി അനുവദിച്ചു. കേസ് സംബന്ധിച്ച ഫയലുകൾ നേരത്തെ തന്നെ ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കിയിരുന്നു.
ഈ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരന്റെ ആശങ്ക കണക്കിലെടുത്ത്, അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി റജിസ്ട്രിയോട് നിർദേശിച്ചു. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്:
* സ്പോർട്സ് ക്വോട്ട
നിയമങ്ങൾ ലംഘിച്ചാണ് നിയമനം നടന്നത്.
* പിഎസ്സി വഴിയല്ലാതെ ഇത്തരത്തിൽ നിയമനം നടത്താൻ സർക്കാരിന് അധികാരമില്ല.
* ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് ക്രമക്കേട് നടന്നത്. ഹർജിക്കാരന്റെ പരാതി തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയെന്നും അത് നിലവിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചു.
കേസ് അടുത്ത മാസം 17-ന് കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

