1991-ൽ നടന്ന സിംഗപ്പൂർ എയർലൈൻസ് വിമാന റാഞ്ചൽ സംഭവവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി മുൻ സിംഗപ്പൂർ നയതന്ത്ര പ്രതിനിധി ബിലഹാരി കൗസികൻ.
വിമാനം റാഞ്ചിയവരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ അന്നത്തെ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവായിരുന്ന ബേനസീർ ഭൂട്ടോയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായ അനുഭവമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 26, 1991-ന് മലേഷ്യയിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം നാല് പാക്കിസ്ഥാൻ സ്വദേശികളായ ഭീകരർ ഹൈജാക്ക് ചെയ്യുകയായിരുന്നു.
114 യാത്രക്കാരും 11 ജീവനക്കാരുമടക്കം വൻ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയ വിമാനം ഭീകരർ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ ഇറക്കുകയും യാത്രക്കാരെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിമാനത്തിൽ ഇന്ധനം പകർന്ന് തീയിടുമെന്നായിരുന്നു ഭീകരരുടെ ഭീഷണി. അന്ന് റാഞ്ചികളുമായി ചർച്ച നടത്താനുള്ള ചുമതല ബിലഹാരി കൗസികനായിരുന്നു.
അക്കാലത്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നത് നവാസ് ഷെരീഫ് ആയിരുന്നു. എന്നാൽ വിമാനം റാഞ്ചിയവർക്ക് ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ്, അധികാരത്തിലില്ലാതിരുന്നിട്ടും അവരെ ബന്ധപ്പെടാൻ നയതന്ത്രജ്ഞർ തീരുമാനിച്ചത്.
പാക്കിസ്ഥാൻ ഹൈക്കമ്മീഷണറുടെ സഹായത്തോടെ ഭൂട്ടോയുടെ വസതിയിൽ വിളിച്ചപ്പോൾ ഉറുദു മാത്രം അറിയാവുന്നവരാണ് ഫോണെടുത്തത്. ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഫോണിലെത്താൻ ഏറെ സമയം കാത്തിരിക്കേണ്ടി വന്നു.
ഒടുവിൽ, ഫോണെടുത്ത വ്യക്തി നൽകിയ മറുപടി ഇതായിരുന്നു: ‘മാഡം നല്ല ഉറക്കമാണ്, ശല്യപ്പെടുത്താനാവില്ല’. ഈ മറുപടി നൽകി അവർ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.
തുടർന്ന് ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് ഉറപ്പായതോടെ സിംഗപ്പൂർ കമാൻഡോകൾ വിമാനത്തിൽ മിന്നൽ ആക്രമണം നടത്തുകയും റാഞ്ചികളെ വധിച്ച് ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. നയതന്ത്ര തലത്തിലുള്ള ചർച്ചകളിൽ പാക്കിസ്ഥാൻ രാഷ്ട്രീയക്കാർ സമയം പാഴാക്കുന്നവരാണെന്ന് ഈ അനുഭവം സൂചിപ്പിച്ചുകൊണ്ട് കൗസികൻ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

