വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതീവ ജാഗ്രതയോടെ നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ഓഹരി കൈമാറ്റത്തിന് അനുമതി തേടിക്കൊണ്ട് അദാനി ഗ്രൂപ്പ് അയച്ച കത്തില്‍, വിശദമായ നിയമ പരിശോധനകള്‍ക്ക് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് വിഷയം പഠനവിധേയമാക്കാനും ആലോചനയുണ്ട്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കുന്നു. അദാനി ഗ്രൂപ്പും എംഎസ്സിയും തമ്മിലുള്ള ധാരണാ പത്രം സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയമായി സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഈ വിഷയത്തില്‍ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാരിന്റെ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ വിഴിഞ്ഞം ഇടപാട് ഭരണ മുന്നണിയിലും പാര്‍ട്ടിക്കുള്ളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
“ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പര്‍ പവറായിരിക്കാം എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്ന്” കെ സി വേണുഗോപാല്‍ നടത്തിയ പ്രതികരണം ഈ വിഷയത്തിലെ രാഷ്ട്രീയ ഗൗരവം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ, ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
കേവലം നിക്ഷേപ വിഷയമെന്നതിലുപരി, നയപരമായ തലത്തില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് സര്‍ക്കാര്‍ നേരിടുന്നത്. അതിനാല്‍ തന്നെ, ഓഹരി കൈമാറ്റത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ടുള്ള തീരുമാനങ്ങള്‍ ഒഴിവാക്കി, നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

