കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയാണ് കോടതി പൊതുതാല്പര്യ ഹർജി തീർപ്പാക്കിയത്.
അഭിഭാഷകനായ ജോജോ ജോസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും, വലിയ ഗൂഢാലോചന നടന്നതിനാൽ പോലീസ് അന്വേഷണം കൊണ്ട് സത്യം പുറത്തുവരില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പിണറായി വിജയൻന്റെ വസതിക്ക് സമീപം ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു ഈ ഹർജി. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയോ ഇന്റലിജൻസ് വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സംഭവത്തിൽ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. റെയ്ഡ് സംബന്ധിച്ച മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയ കോടതി, നിലവിലെ സാഹചര്യത്തിൽ മറ്റ് അന്വേഷണങ്ങളുടെ ആവശ്യമില്ലെന്ന് നിരീക്ഷിച്ചു. പോലീസിന്റെ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

