കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കുകൾ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) മികച്ച സാമ്പത്തിക ഫലങ്ങൾ രേഖപ്പെടുത്തി. പ്രത്യേകിച്ച് സ്വർണപ്പണയ വായ്പകളിൽ വലിയ വളർച്ചയാണ് ഈ ധനകാര്യ സ്ഥാപനങ്ങൾ കൈവരിച്ചത്.
ധനലക്ഷ്മി ബാങ്ക്
തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 75.91 ശതമാനം വളർച്ചയാണ് സ്വർണപ്പണയ വായ്പയിൽ സ്വന്തമാക്കിയത്. മുൻവർഷത്തെ സമാനപാദത്തിൽ 4039 കോടി രൂപയായിരുന്ന വായ്പകൾ, ഇത്തവണ 7105 കോടി രൂപയായി ഉയർന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് 21.12 ശതമാനം വാർഷിക വളർച്ചയോടെ 35,188 കോടി രൂപയിലെത്തി. 19,403 കോടി രൂപയുടെ നിക്ഷേപവും 15,785 കോടി രൂപയുടെ വായ്പകളുമാണ് ബാങ്ക് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
എംഎസ്എംഇ വായ്പകളിൽ 29.24 ശതമാനം വളർച്ചയോടെ 2250 കോടി രൂപയുടെ നേട്ടം കൈവരിക്കാനും ബാങ്കിനായി. ഓഹരി വിപണിയിൽ ബാങ്കിന്റെ ഓഹരികൾ 1.61 ശതമാനം നേട്ടത്തോടെ 34.09 രൂപയിലാണ് വ്യാപാരം തുടരുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക്
മൊത്തം വായ്പകളുടെ കാര്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഏപ്രിൽ-ജൂൺ പാദത്തിൽ 17.01 ശതമാനം വളർച്ചയോടെ വായ്പകൾ 1.04 ലക്ഷം കോടി രൂപയിലെത്തി.
നിക്ഷേപങ്ങൾ 1.12 ലക്ഷം കോടി രൂപയിൽ നിന്ന് 11.39 ശതമാനം വർധിച്ച് 1.25 ലക്ഷം കോടി രൂപയായി. കാസ (CASA) റേഷ്യോ 32.99 ശതമാനമായി മെച്ചപ്പെട്ടതും ബാങ്കിന്റെ പ്രവർത്തനമികവ് വ്യക്തമാക്കുന്നു.
ഓഹരി വിപണിയിൽ 1.54 ശതമാനം നേട്ടത്തോടെ 46.23 രൂപയിലാണ് ബാങ്ക് ഓഹരികളുടെ വ്യാപാരം നടക്കുന്നത്. സിഎസ്ബി ബാങ്ക്
നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച പ്രകടനമാണ് സിഎസ്ബി ബാങ്ക് കാഴ്ചവെച്ചത്.
മൊത്തം നിക്ഷേപം 26 ശതമാനം വർധിച്ച് 45,415 കോടി രൂപയായും വായ്പകൾ 24 ശതമാനം ഉയർന്ന് 40,866 കോടി രൂപയായും എത്തി. സ്വർണപ്പണയ വായ്പകളിൽ 47 ശതമാനം വളർച്ച കൈവരിക്കാൻ ബാങ്കിന് സാധിച്ചു.
നിലവിൽ ഇതിന്റെ ആകെ മൂല്യം 21,906 കോടി രൂപയാണ്. ഓഹരി വിപണിയിൽ നേരിയ വ്യത്യാസത്തോടെ 348.95 രൂപയിലാണ് ഓഹരികൾ വ്യാപാരം ചെയ്യുന്നത്.
ഇസാഫ് ബാങ്ക്
സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് തങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കി. മൊത്തം നിക്ഷേപം 26,925 കോടി രൂപയായും വായ്പകൾ 4.94 ശതമാനം വർധിച്ച് 24,216 കോടി രൂപയായും ഉയർന്നു.
എംഎസ്എംഇ, കാർഷികം, സ്വർണപ്പണയ വായ്പകൾ ഉൾപ്പെടുന്ന വിഭാഗത്തിൽ 35.32 ശതമാനം വളർച്ച രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 1.04 കോടിയായി വർധിച്ചു.
ഓഹരി വിപണിയിൽ 1.55 ശതമാനം നേട്ടത്തോടെ 34.14 രൂപയിലാണ് ഓഹരി വില. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപകർ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

