സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവിലുള്ള ഒഴിവുകൾ വേഗത്തിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകി. മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് വകുപ്പ് മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണസെക്രട്ടറിമാർ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വ്യാപകമായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
അതേസമയം, കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്സി) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതികളുടെ പ്രവാഹമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പരാതികൾ ഇതിനകം തന്നെ ഒരു പ്രത്യേക കെട്ടാക്കി സൂക്ഷിച്ചിരിക്കുകയാണ്.
അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇവ കൈമാറാനാണ് തീരുമാനം. പരാതികൾ നേരിട്ട് പിഎസ്സിക്ക് തന്നെ കൈമാറുന്ന നിലവിലെ രീതി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
പിഎസ്സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉദ്യോഗാർഥികൾക്കിടയിലുണ്ട്. പരാതികൾ നൽകിയാലും സ്വീകരിക്കാൻ തയ്യാറാകാത്തതും, ഇമെയിൽ വഴി അയച്ചാൽ മറുപടി ലഭിക്കാത്തതും കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന സ്ഥിതിവിശേഷമാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഇ-ഓഫീസ് സംവിധാനം വഴി പരാതിയുടെ നിലവിലെ അവസ്ഥ അറിയാൻ ശ്രമിച്ചാലും ഉദ്യോഗാർഥികളെ പോർട്ടലിലേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യമാണുള്ളത്. പ്ലാനിങ് ബോർഡ് ചീഫ് നിയമന വിവാദത്തെ തുടർന്ന് വിവിധ നിയമനങ്ങളിൽ സംശയം പ്രകടിപ്പിച്ച് ഉദ്യോഗാർഥികൾ പിഎസ്സിയെ സമീപിച്ചിരുന്നു.
എന്നാൽ, പരാതികൾ സ്വീകരിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. മുൻപ് പരാതി നൽകിയാൽ ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയലിന്റെ സ്ഥിതി പരിശോധിക്കാൻ സാധിക്കുമായിരുന്നു.
എന്നാൽ, ഈ ഡിജിറ്റൽ രേഖകൾ ചിലർ കോടതിയിൽ തെളിവായി ഹാജരാക്കിയതോടെ പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കിയെന്നാണ് ഐടി മിഷൻ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ഇതിനിടെ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച പരീക്ഷയുടെ നിലവാരം പ്ലസ് ടു തലത്തിലുപോലും ഉണ്ടായിരുന്നില്ലെന്നാണ് പരാതി. കൂടാതെ, ഭൂരിഭാഗം ചോദ്യങ്ങൾക്കും ‘ഓപ്ഷൻ ബി’ ഉത്തരമായി വരുന്ന രീതിയിൽ ഉത്തരസൂചിക തയ്യാറാക്കിയതായും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

