മുന് മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ആവർത്തിച്ച് കേരള പോലീസ്.
അന്വേഷണം കൃത്യമായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ച പോലീസ്, നിലവിൽ കേസ് മറ്റൊരന്വേഷണ ഏജൻസിക്ക് കൈമാറേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി.
സംഭവത്തിൽ സുരക്ഷാ വീഴ്ചയോ ഇന്റലിജൻസ് പിഴവോ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ കോടതിയിൽ ബോധിപ്പിച്ചു. ഇഡി പരിശോധന സംബന്ധിച്ച മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്നും, എന്നാൽ ആക്രമണം നടന്നയുടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും പോലീസ് അവകാശപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അന്തിമ അന്വേഷണ റിപ്പോർട്ട് അതിവേഗം കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മറുഭാഗത്ത്, കേസിൽ ഉൾപ്പെട്ട
10 പ്രതികൾ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
മെയ് 27-നാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള പിണറായി വിജയന്റെ വസതിയിൽ ഇഡി എട്ടു മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്.
അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും, അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുമായിരുന്നു പരിശോധനയ്ക്ക് ആധാരം.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി. പരിശോധന പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു.
കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ ആക്രമിച്ചുവെന്നാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

