സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു രംഗത്തെത്തി. സർക്കാർ മുന്നോട്ടുവെക്കുന്ന ബജറ്റ് നിർദേശങ്ങൾ ജനപക്ഷ ബദൽ നയങ്ങളെ അട്ടിമറിച്ച് സ്വകാര്യവൽക്കരണത്തിലേക്ക് വഴിതുറക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.
കേരളത്തിന്റെ വിഭവങ്ങളായ ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് ബജറ്റിലുള്ളതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി. മിഷൻ സമുദ്ര പദ്ധതി വഴി 600 കിലോമീറ്ററോളം നീളുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ഭൂപരിഷ്കരണം എന്ന പേരിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ സംസ്ഥാനത്തെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് അടിയറവ് വെക്കാനുള്ള ഗൂഢശ്രമമാണെന്നും സംഘടന കുറ്റപ്പെടുത്തി.
കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി സ്വകാര്യ കപ്പൽ നിർമാണത്തിന് അനുമതി നൽകിയതും പൊതുമേഖലയോടുള്ള അവഗണനയുടെ ഭാഗമാണ്. ബജറ്റ് കണക്കുകൾ പരിശോധിക്കുമ്പോൾ പൊതുമേഖലാ വ്യവസായങ്ങൾക്ക് ചില്ലിക്കാശ് പോലും വകയിരുത്തിയിട്ടില്ല എന്നത് ഗൗരവകരമാണ്.
ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ടെൽക്, കെഎംഎംഎൽ, ടിസിസി, ട്രാക്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിഐടിയു വ്യക്തമാക്കി.
കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഈ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണിതെന്ന് അവർ ആരോപിച്ചു. സാമൂഹ്യക്ഷേമ പദ്ധതികളിലും ബജറ്റ് കടുത്ത അവഗണനയാണ് കാണിക്കുന്നത്.
കെഎസ്ആർടിസിയിലെ ഓർഡിനറി ബസുകളുടെ സൗജന്യയാത്രയ്ക്ക് ആവശ്യമായ തുക അനുവദിക്കാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്ക്കുമെന്ന് സിഐടിയു ആശങ്കപ്പെടുന്നു. ആശാ പ്രവർത്തകർക്കും അംഗൻവാടി ജീവനക്കാർക്കും വാഗ്ദാനം ചെയ്ത 21,000 രൂപ ഓണറേറിയം സംബന്ധിച്ചോ, അംഗൻവാടി പെൻഷൻകാരുടെ കുടിശ്ശിക തീർക്കുന്നതിനെക്കുറിച്ചോ ബജറ്റിൽ മൗനം പാലിക്കുന്നു.
കൂടാതെ, കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യത്തിലോ, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെയുള്ള നടപടികളിലോ ബജറ്റിൽ യാതൊരു പരാമർശവുമില്ല. തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയായി ഉയർത്തണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ബിജെപി നയങ്ങൾക്കനുസൃതമായി തയ്യാറാക്കിയ ഈ ബജറ്റ് തികച്ചും തൊഴിലാളി വിരുദ്ധമാണെന്നും, കിഫ്ബി പോലുള്ള വികസന മാതൃകകളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിഐടിയു വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

