മലയാളം ടെലിവിഷൻ രംഗത്ത് വലിയ സ്വീകാര്യത ലഭിച്ച പരമ്പരകളിലൊന്നാണ് പവിത്രം. റേറ്റിംഗിലും പ്രേക്ഷക പ്രീതിയിലും മുൻപന്തിയിൽ നിന്ന ഈ പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
എന്നാൽ ഇത്തവണ ടെലിവിഷൻ സ്ക്രീനുകൾക്ക് പകരം ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാറിലൂടെ മാത്രമാകും പരമ്പര പ്രേക്ഷകരിലേക്ക് എത്തുക. ഒടിടി പ്ലാറ്റ്ഫോമിൽ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ആദ്യത്തെ മലയാളം സീരിയൽ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജൂലൈ 13-ാം തിയതി മുതൽ രാവിലെ മുതലാകും സീരിയലിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇതര ഭാഷാ പരമ്പരയുടെ മലയാളം പതിപ്പായ പവിത്രം, 2024 ഡിസംബർ 16-ന് ആണ് ആദ്യമായി സംപ്രേക്ഷണം ആരംഭിച്ചത്.
സുരഭി സന്തോഷ്, ശ്രീകാന്ത് ശശികുമാർ, നയന ജോസൻ, അനില ശ്രീകുമാർ, വി.കെ. ബൈജു തുടങ്ങിയ പ്രമുഖ താരനിരയാണ് പരമ്പരയിൽ അണിനിരന്നത്.
വിക്രം, വേദ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പരമ്പരയുടെ ഇതിവൃത്തം വികസിക്കുന്നത്. അപ്രതീക്ഷിത സാഹചര്യത്തിൽ വിവാഹിതരാകേണ്ടി വരുന്ന വിക്രമും വേദയും പിന്നീട് പരസ്പരം അടുക്കുന്നതും, തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് പരമ്പരയിൽ ചിത്രീകരിച്ചത്.
വേദയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വെല്ലുവിളികളും സാമ്പത്തിക തർക്കങ്ങളും ഒടുവിൽ ഇവരുടെ ജീവിതത്തെ വലിയൊരു ദുരന്തത്തിലേക്ക് നയിച്ചു. വിക്രം ജയിലിലാവുകയും, ഗർഭിണിയായ വേദ ഒറ്റയ്ക്ക് തെരുവിലിറങ്ങേണ്ടി വരികയും ചെയ്യുന്നിടത്താണ് പരമ്പരയുടെ ആദ്യ ഭാഗം അവസാനിച്ചത്.
ഇതിന്റെ തുടർച്ചയായാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പവിത്രം 2 പ്രേക്ഷകരിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

