നീറ്റ് യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA).
പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും കൃത്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന നടപടികൾ വൈകുന്നേരം വരെ നീണ്ടുനിൽക്കും.
രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഈ മോക് ഡ്രില്ലിനായി സജ്ജമാക്കിയിരിക്കുന്നത്. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായതിനെ തുടർന്ന് അത് റദ്ദാക്കിയ സാഹചര്യത്തിലാണ് ജൂൺ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
പരീക്ഷാ സുരക്ഷയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ടെലിഗ്രാം നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. IT ആക്ടിലെ 69A പ്രകാരമുള്ള നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും, സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ കേന്ദ്രത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച ടെലിഗ്രാം, സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ, പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ എല്ലാ മെഡിക്കൽ കോളജുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്നും, പരീക്ഷാ തീയതികളിൽ ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
അതിനിടെ, അഹമ്മദാബാദിൽ നീറ്റ് പരീക്ഷാർഥി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പരീക്ഷാ സമ്മർദ്ദമായിരിക്കാം ഇതിന് കാരണമെന്ന സംശയങ്ങൾ ഉയർന്നുവെങ്കിലും, അക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

