സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വരുംതലമുറയെ സംസ്ഥാനത്തു തന്നെ നിലനിർത്താനും അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. ഡിമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ സതീശൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാനും വയോജനങ്ങൾക്ക് കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശത്തേക്കു കുടിയേറുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ.
യുവതലമുറയുടെ സാങ്കേതിക വളർച്ചയ്ക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകുന്നതിനായി 50 കോടി രൂപ വകയിരുത്തിക്കൊണ്ട് ‘ജെൻസി ആൻഡ് ന്യൂ ജെൻ ടെക്നോളജി’ എന്ന പദ്ധതി പ്രഖ്യാപിച്ചു. ‘ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജൻസ് മിഷൻ’ എന്ന പേരിൽ ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനവും നിലവിൽ വരും.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച്, ഭാവിയിലേക്ക് ആവശ്യമായ നൈപുണ്യങ്ങൾ തിരിച്ചറിയുക, പാഠ്യപദ്ധതി പരിഷ്കരണത്തിന് മാർഗനിർദേശം നൽകുക, വ്യവസായ-അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനായി ‘കേരള നോളജ് വാലി’ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി ‘ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെംബർ’ എന്ന പദ്ധതിയും ആവിഷ്കരിക്കുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.
ജോണുമായി ബജറ്റിന് മുൻപ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ‘ഫ്യൂചർ റീഡിനസ് തിങ്ക് ടാങ്ക്’ രൂപീകരിക്കും.
വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കുന്ന ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിക്കും. ബിരുദധാരികൾക്ക് വേഗത്തിൽ തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ബ്രിജ് പ്രോഗ്രാമുകളും ബജറ്റിൽ ഇടംപിടിച്ചു.
വിദ്യാർഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ‘സിദ്ധാർഥൻ സ്റ്റുഡന്റ്സ് ഡിസ്ട്രസ് ആപ്പ്’, ‘സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്’ എന്നിവ നടപ്പിലാക്കും. 2036-ലെ ഒളിംപിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കാൻ ‘വിഷൻ 2036’ നടപ്പിലാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു.
മലപ്പുറത്ത് രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

