ബെംഗളൂരു മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദാരുണമായ കൊലപാതകം. മഹാദേവപുര സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മഞ്ജുള (32) ആണ് ഭർത്താവ് പ്രദീപിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
പുഷ്പാഞ്ജലി തിയറ്ററിനു സമീപമുള്ള റെസിഡൻഷ്യൽ ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്. കുട്ടികളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ക്രൂരമായ ആക്രമണം.
സംഭവത്തിന് പിന്നിലെ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത് കുടുംബവഴക്കാണ്. ഓൺലൈൻ വാതുവയ്പ്പിലൂടെ പ്രദീപിന് വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു.
ഈ ശീലം കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചെന്നും, താനും ഭാര്യയും മരിക്കാൻ പോകുകയാണെന്നും സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യം കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതി റെക്കോർഡ് ചെയ്തിരുന്നു. ഭാര്യയോട് മാപ്പ് പറയണമെന്ന വ്യാജേന വീട്ടിലെത്തിയ ഇയാൾ, മഞ്ജുളയുടെ കാൽക്കൽ വീണ് ക്ഷമ ചോദിച്ചു.
ഇതിനിടെ, മുൻകൂട്ടി കരുതിയിരുന്ന കത്തി ഉപയോഗിച്ച് മഞ്ജുളയെ തുടർച്ചയായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുള സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
കൃത്യത്തിന് ശേഷം പ്രദീപ് തന്റെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും, വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മഞ്ജുള നിരന്തരം ഭർത്താവിൽ നിന്ന് പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
നിലവിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

