കൊച്ചി: കഴിഞ്ഞയാഴ്ച മുതൽ കാണാതായ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫിസറെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് കണ്ടെത്തി. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിതിനെ (41) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. കുടുംബവഴക്കിനെ തുടർന്ന് ജൂലൈ 25നാണ് അൻജിത് വീടുവിട്ടിറങ്ങിയത്.
മുമ്പും കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം മാറിനിൽക്കാറുണ്ടായിരുന്നെങ്കിലും ഫോൺ ഓഫാക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാവുകയും യാതൊരു വിവരവുമില്ലാതിരിക്കുകയും ചെയ്തതോടെ ഭാര്യ ഗ്രീഷ്മ (29) മുനമ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അൻജിത് കൊടുങ്ങല്ലൂരിലേക്കാണ് പോയതെന്ന് വ്യക്തമായിരുന്നു.
അദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇതിനിടയിൽ വഴിയാത്രക്കാരുടെ ഫോൺ വാങ്ങി സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്നും കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
ഒരു പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്നെ പൊലീസിന്റെ അന്വേഷണ രീതികളും വഴികളും നന്നായി അറിയാവുന്ന അൻജിത്, തന്നെ കണ്ടെത്താനുള്ള വഴികളെല്ലാം മനഃപൂർവം ഒഴിവാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തന്റെ ഫോൺ വണ്ടിക്കടിയിൽപ്പെട്ട് കേടായി എന്നാണ് മുനമ്പം പൊലീസിനോട് അൻജിത് പറഞ്ഞത്.
മൊബൈൽ ഫോൺ വഴി ലൊക്കേഷൻ കണ്ടെത്താനാകാതെ വന്നതോടെ അൻജിതിന്റെ എടിഎം ഇടപാടുകളും ഡിജിറ്റൽ വിവരങ്ങളും കേന്ദ്രീകരിച്ചായി പൊലീസിന്റെ അടുത്ത നീക്കം. കൊടുങ്ങല്ലൂർ, ആലുവ മേഖലകളിൽ തുടക്കത്തിൽ അൻജിത് ഉണ്ടായിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
എന്നാൽ ഇതിനിടെ അൻജിത് എടിഎമ്മിൽ നിന്ന് 6,000 രൂപ പിൻവലിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അൻജിത് എത്താനിടയുള്ള ലൊക്കേഷനുകൾ കൃത്യമായി മനസിലാക്കി.
ഇതിനിടയിൽ അൻജിത് പഴനിയിലെത്തിയെന്ന് മനസിലായതോടെ പൊലീസ് കുടുംബത്തിന്റെ സഹായം തേടി. തുടർന്ന് അൻജിത് മറ്റൊരാളുടെ ഫോണിൽ നിന്ന് ജ്യേഷ്ഠനെ വിളിച്ച് തന്റെ കയ്യിലെ പണം തീർന്നെന്നും അക്കൗണ്ടിൽ പണമിടണമെന്നും ആവശ്യപ്പെട്ടു.
പൊലീസ് ജ്യേഷ്ഠനെക്കൊണ്ട് പണം നൽകുന്ന സമയം വൈകിപ്പിച്ചതോടെ അൻജിത് പലരുടെ ഫോണുകളിൽ നിന്നായി ഇടവേളകളിൽ വിളിക്കാൻ തുടങ്ങി. ഏറ്റവും ഒടുവിൽ വിളിച്ചത് പൊള്ളാച്ചിയിൽ നിന്നാണെന്ന് മനസ്സിലായതോടെ മുനമ്പം സ്റ്റേഷനിൽ നിന്നുള്ള സംഘം അവിടേക്ക് പുറപ്പെടുകയായിരുന്നു.
തുടർന്നുള്ള തിരച്ചിലിൽ പൊള്ളാച്ചിയിൽ നിന്ന് തന്നെ അൻജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാണാതായ കേസ് നിലവിലുള്ളതിനാൽ അൻജിതിനെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം കുടുംബത്തോടൊപ്പം അയക്കും.
അതേസമയം, അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നതിന് തൃപ്തികരമായ വിശദീകരണമില്ലെങ്കിൽ അൻജിത്തിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

