നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നു പറന്നതിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. അപകടത്തിൽ ഗൃഹനാഥന് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 8.15-ഓടെയാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ അകലെ അത്താണി കേരള ഫാർമസിക്കു സമീപമുള്ള ശാന്തി നഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടാണ് അപകടത്തിൽപ്പെട്ടത്.
പള്ളിയിലെ പ്രാർഥന കഴിഞ്ഞ് സൈമണും ഭാര്യ ശോശാമ്മയും വീട്ടിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു സംഭവം. വിമാനം ലാൻഡിംഗിനായി താഴ്ന്നു പറന്നപ്പോൾ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഓടുകൾ പറന്നുപോവുകയുമായിരുന്നു.
വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുന്നതിനിടെ മേൽക്കൂരയിൽ നിന്ന് തെറിച്ചുവീണ ഓടിന്റെ ചീളുകൾ ദേഹത്ത് കൊണ്ടാണു സൈമണിന് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും വീടിന്റെ നൂറോളം ഓടുകൾ പൂർണമായും തകർന്നു.
വിമാനങ്ങൾ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനത്താവളത്തിന് സമീപമുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജംബോ വിമാനങ്ങൾ ഉൾപ്പെടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശക്തമായ കാറ്റ് വീടുകളെയും മേൽക്കൂരകളെയും ദോഷകരമായി ബാധിക്കാറുണ്ട്.
രണ്ട് വർഷം മുൻപും സമാനമായ രീതിയിൽ പ്രദേശത്തെ ചില വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വിമാനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് ശാന്തിനഗറിലെ വീടുകൾ സ്ഥിതി ചെയ്യുന്നത്.
കിടപ്പാടം തകർന്ന സാഹചര്യത്തിൽ സൈമൺ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്കും സിയാലിനും പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

