ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ, തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്ക് തുറന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകൾ സുരക്ഷിതമായ തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതായും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ഞായറാഴ്ച ഇലക്ട്രോണിക് സംവിധാനം വഴി പൂർത്തിയായതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു.
കരാറിലെ വ്യവസ്ഥകൾ അടിയന്തരമായി പ്രാബല്യത്തിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് ഈ കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്.
തുടർന്ന് ഡോണൾഡ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുന്നതിനൊപ്പം ഇറാന്റെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധം ഉടനടി പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാൽ, കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് മാരിടൈം സർവീസ് ഫീ ഈടാക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, ടോൾ ഫ്രീ ആയി കപ്പലുകൾക്ക് കടന്നുപോകാമെന്നാണ് ട്രംപിന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുള്ളത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വിഷയത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെട്ടതിൽ എല്ലാവരെയും അഭിനന്ദിക്കുന്നതായും ട്രംപ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

