മണിയൻകിണർ മേഖലയിലെ ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾ കടുത്ത പട്ടിണിയിലും ദുരിതത്തിലും. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് തൊഴിലിന് പോകാൻ സാധിക്കാത്തതും, വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് ഇറങ്ങാൻ കഴിയാത്തതുമാണ് ഇവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നത്.
വന്യജീവി ഭീഷണിയെ അവഗണിച്ച് ഉപജീവനത്തിനായി കാടുകയറാറുണ്ടായിരുന്ന ഇവർക്ക്, നിലവിലെ മോശം കാലാവസ്ഥ അതിനും തടസ്സമായിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി നിർത്തിവെച്ചതാണ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചത്.
പദ്ധതി നിലനിന്നിരുന്നപ്പോൾ മഴക്കാലത്തും കാട് വെട്ടൽ, പറമ്പ് വൃത്തിയാക്കൽ തുടങ്ങിയ ജോലികളിലൂടെ സ്ത്രീകൾക്ക് ചെറിയൊരു വരുമാനം ലഭിച്ചിരുന്നു. ഇതിനു പുറമെ, ട്രൈബൽ വകുപ്പ് വഴി ലഭിക്കേണ്ട
ഭക്ഷ്യക്കിറ്റും കഴിഞ്ഞ 8 മാസമായി മുടങ്ങിക്കിടക്കുകയാണെന്ന് കോളനിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അരി, പയർ, പരിപ്പ്, പഞ്ചസാര, അവിൽ, റവ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് ഇവർക്ക് ലഭിക്കേണ്ടിയിരുന്നത്.
കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ, 600 രൂപയിലധികം ചെലവാക്കി വാണിയംപാറ വരെ സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് അരിയും പലചരക്ക് സാധനങ്ങളും വാങ്ങാൻ സാധിക്കൂ. കോളനിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുള്ള ട്രൈബൽ പ്രമോട്ടർമാർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും, സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നിർമാണം പാതിവഴിയിൽ നിലച്ച വീടുകൾ ഉന്നതിയിൽ സർക്കാർ നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയും പ്രതിസന്ധിയിലാണ്. നിർമാണം ഏറ്റെടുത്ത കരാറുകാരൻ പണവുമായി കടന്നുകളഞ്ഞു എന്നാണ് ഉയരുന്ന ആരോപണം.
പാതിവഴിയിൽ നിലച്ച 7 വീടുകളാണ് ഇവിടെയുള്ളത്. കനത്ത മഴയത്ത് ചോർന്നൊലിക്കുന്ന ഷെഡുകളിലും ടാർപോളിൻ കെട്ടിയ കെട്ടിടങ്ങളിലുമാണ് ഈ കുടുംബങ്ങൾ അഭയം തേടുന്നത്.
ഇതിനു മുൻപ് വിഷയത്തിൽ ഇടപെട്ട കലക്ടർ ശിഖ സുരേന്ദ്രൻ, ഊര് മൂപ്പൻ കുട്ടന്റെ വീട് ഉൾപ്പെടെയുള്ളവയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരുവിധ തുടർനടപടികളോ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

