എറണാകുളം ജില്ലയിലെ സുപ്രധാന പാതയായ ആലുവ–മൂന്നാർ റോഡിനെ നാലുവരിപ്പാതയായി ഉയർത്തുന്നതിനുള്ള നടപടികൾക്ക് വേഗതയേറി. പദ്ധതിയുടെ ഭാഗമായി ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ 14 വില്ലേജുകളിലായി ആകെ 102.08 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംക്ഷൻ വരെയുള്ള 38 കിലോമീറ്റർ ദൂരത്തിലാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 23 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി 653 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2026 ജനുവരി 27-നാണ് ഭൂമി ഏറ്റെടുക്കലിന്റെ സർവേ നമ്പറും നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പെരുമ്പാവൂർ ബൈപാസ് നിർമാണം
നഗരത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ ടൗണിൽ നിലവിലെ പാത രണ്ടുവരിയായി നിലനിർത്തും.
പാലക്കാട്ടുതാഴം മുതൽ മരയ്ക്കാർ റോഡ് വരെയുള്ള ഭാഗത്ത് വീതികൂട്ടൽ ഒഴിവാക്കിയാണ് ബൈപാസ് നിർമിക്കുന്നത്. മരുതുകവല മുതൽ പാലക്കാട്ടുതാഴം വരെ ഏകദേശം 3.8 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് കടന്നുപോകുന്നത്.
ഇതിന്റെ ആദ്യഘട്ടമായി മരുതുകവല മുതൽ കാഞ്ഞിരമുക്ക് പാലം വരെയുള്ള 1.37 കിലോമീറ്റർ ദൂരത്തിലെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 24 കോടി രൂപയാണ് ഒന്നാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ളത്.
ഭൂവുടമകളുടെ പബ്ലിക് ഹിയറിങ്
പദ്ധതിക്കായി സ്ഥലം വിട്ടുനൽകേണ്ട ഉടമകൾക്കായി 15 മുതൽ 18 വരെ തീയതികളിൽ പ്രത്യേക യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
കളമശേരി രാജഗിരി കോളജിന്റെ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനാണ് ഇതിന്റെ ചുമതല. യോഗക്രമം താഴെ പറയുന്നതാണ്:
– ഇരിങ്ങോൾ റോട്ടറി ഹാൾ (15-ാം തീയതി, രാവിലെ 10): മരയ്ക്കാർ ജംക്ഷൻ മുതൽ കുറുപ്പംപടി ടൗൺ വരെ.
– അശമന്നൂർ പഞ്ചായത്ത് ഹാൾ (15-ാം തീയതി, ഉച്ചയ്ക്ക് 2): കുറുപ്പംപടി മുതൽ ഓടക്കാലി വരെ.
– ഇളമ്പ്ര പള്ളിപ്പടി മുഹ്യുദീൻ ജുമാമസ്ജിദ് ഓഡിറ്റോറിയം (16-ാം തീയതി, രാവിലെ 10): ഓടക്കാലി കവല മുതൽ തങ്കളം ജംക്ഷൻ വരെ.
– കോതമംഗലം മുനിസിപ്പൽ ഹാൾ (16-ാം തീയതി, ഉച്ചയ്ക്ക് 2): തങ്കളം മലയിൻകീഴ് കോഴിപ്പിള്ളി വരെ.
– ആലുവ ചൂണ്ടി സെന്റ് പയസ് ചർച്ച് ഓഡിറ്റോറിയം (17-ാം തീയതി, രാവിലെ 10): അണ്ടിക്കമ്പനി ജംക്ഷൻ മുതൽ രാജഗിരി ആശുപത്രി വരെ.
– ചെമ്പറക്കി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഹാൾ (17-ാം തീയതി, ഉച്ചയ്ക്ക് 2): രാജഗിരി ആശുപത്രി മുതൽ പോഞ്ഞാശേരി വരെ.
– ആലുവ വൈഎംസിഎ ഹാൾ (18-ാം തീയതി, രാവിലെ 10): പുളിഞ്ചോട് ജംക്ഷൻ മുതൽ അണ്ടിക്കമ്പനി വരെ.
– നെടുംതോട് മാതാ ഓഡിറ്റോറിയം (18-ാം തീയതി, ഉച്ചയ്ക്ക് 2): പോഞ്ഞാശേരി മുതൽ പാലക്കാട്ടുതാഴം വരെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

