കൊല്ലം നഗരത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒരു പരമ്പര കൊലയാളി (Serial Killer) ആണോ എന്ന സംശയത്തിൽ അന്വേഷണ സംഘം. തമിഴ്നാട് സ്വദേശിയായ വിജു സുരേഷ് എന്നയാളെ വാൽപ്പാറയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഇയാൾ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
അലഞ്ഞുതിരിഞ്ഞു നടന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് ഇയാളുടെ രീതി. പണം ആവശ്യപ്പെടുമ്പോൾ നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവം ഇയാൾക്കുണ്ടെന്നും പോലീസ് പറയുന്നു.
മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തത് ഇയാളെ കണ്ടെത്താൻ വലിയ തടസ്സമായിരുന്നു. ചരക്കു വാഹനങ്ങളിലും ബൈക്കുകളിലും ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതാണ് ഇയാളുടെ പതിവ്.
ഇതിനിടെ, കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രൻ (65) എന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കേറ്റ അടിയാണ് രവീന്ദ്രന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ, രണ്ട് കേസുകളും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ കൊല്ലം സിറ്റി പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

