തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാൻ ഒരുങ്ങുന്നതായി സൂചന.
പാർട്ടി നേതൃത്വം മുന്നോട്ടുവെച്ച വിവിധ പദവികളും വാഗ്ദാനങ്ങളും തള്ളിക്കൊണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അണ്ണാമലൈ തന്റെ രാജി സമർപ്പിച്ചത്.
അഞ്ച് പേജുള്ള രാജിക്കത്തിൽ, പാർട്ടിയിൽ നിന്ന് “സൗഹാർദ്ദപരമായി പിരിയാൻ ആഗ്രഹിക്കുന്നതായും സ്വന്തം വഴി തിരഞ്ഞെടുക്കാൻ സമയമായെന്നും” അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുകയും പകരം നൈനാർ നാഗേന്ദ്രനെ നിയമിക്കുകയും ചെയ്തതിന് പിന്നാലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
ബിജെപിയുടെ ഉന്നത നേതൃത്വം അണ്ണാമലൈയെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച ശേഷം അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങും.
ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതാണ് അണ്ണാമലൈയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ബിജെപി ദേശീയ സെക്രട്ടറി ബി.എൽ.
സന്തോഷ്, നിതിൻ നവീൻ എന്നിവരുമായുള്ള ചർച്ചകളിലും താൻ ഏതെങ്കിലും തരത്തിലുള്ള രാജ്യസഭാ സീറ്റോ കേന്ദ്ര പദവികളോ സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തോടും എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യത്തോടുമുള്ള വിയോജിപ്പ് പലതവണ പ്രകടിപ്പിച്ചിരുന്നു.
കോയമ്പത്തൂരിൽ ‘ഭയമില്ലാത്ത മനസ്സിന് അതിരുകളില്ല’ എന്ന വാചകത്തോടെ അദ്ദേഹത്തിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. കൂടാതെ ‘അണ്ണാമലൈ അൻപ് കൂട്ടം’ എന്ന ആരാധക കൂട്ടായ്മയും പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ത്രിഭാഷാ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അണ്ണാമലൈയെ പാർട്ടിയിൽ നിന്ന് അകറ്റിയിരുന്നു. സി.എൻ.
അണ്ണാദുരൈ, ജെ. ജയലളിത എന്നിവരെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളെ തുടർന്നുണ്ടായ വിവാദങ്ങളും അണ്ണാമലൈയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

