മൂവാറ്റുപുഴയിലെ വിപണിയിൽ വാഴക്കുളം പൈനാപ്പിളിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തുന്നു. നിലവിൽ ഗ്രീൻ പൈനാപ്പിളിന് കിലോഗ്രാമിന് 68 രൂപയും സ്പെഷൽ ഗ്രേഡ് ഇനങ്ങൾക്ക് 70 രൂപയുമാണ് വിപണിയിൽ ലഭിച്ചുവരുന്നത്.
മുൻകാലങ്ങളിൽ എ ഗ്രേഡ് പച്ച പൈനാപ്പിളിന് ലഭിച്ചിരുന്ന പരമാവധി തുക 65 രൂപയായിരുന്നു. ചില ഇടങ്ങളിൽ 75 രൂപ വരെ വില ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ശരാശരി വിപണി വില 68 മുതൽ 70 രൂപ വരെയായി സ്ഥിരത പുലർത്തുന്നു.
വരും ദിവസങ്ങളിലും വിപണിയിൽ വില വർധിക്കുമെന്നാണ് കർഷകർ നൽകുന്ന സൂചന. ഈ വിലക്കയറ്റം കർഷകർക്ക് വലിയ ആശ്വാസം പകരുന്നുണ്ടെങ്കിലും, ഉൽപാദനത്തിലെ കുറവ് പലർക്കും തിരിച്ചടിയായിട്ടുണ്ട്.
മേയ് മാസത്തിന്റെ മധ്യത്തിൽ പൈനാപ്പിൾ വില 20 രൂപയിലേക്ക് കൂപ്പുകുത്തിയപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായത്. ആ കാലഘട്ടത്തിൽ ഉണ്ടായ വൻ നഷ്ടം നികത്താൻ ഈ വിലവർധന മതിയാകില്ലെങ്കിലും, നിലവിലെ വിപണി സാഹചര്യം കർഷകർക്കിടയിൽ പുതിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
എന്നാൽ, നിലവിൽ തോട്ടങ്ങളിൽ സാധാരണ ഉൽപാദനത്തിന്റെ 5 മുതൽ 10 ശതമാനം വരെ മാത്രമാണ് വിളവെടുപ്പിനായി ബാക്കിയുള്ളത്. വില വർധനവിന്റെ പ്രധാന കാരണങ്ങൾ വിപണിയിലെ കടുത്ത പൈനാപ്പിൾ ക്ഷാമമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം.
കാലാവസ്ഥാ വ്യതിയാനവും അനുഭവപ്പെട്ട രൂക്ഷമായ ചൂടും കർഷകരുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
സാധാരണയായി പൈനാപ്പിൾ ഒരുമിച്ച് കുലയ്ക്കുന്നതിനായി ഉപയോഗിക്കാറുള്ള ‘എത്തിഫോൺ’ എന്ന ഹോർമോൺ കൃത്യമായി പ്രയോഗിക്കാൻ കർഷകർക്ക് സാധിച്ചില്ല. ഇത് വിപണിയിലേക്കുള്ള പുതിയ പൈനാപ്പിളുകളുടെ വരവ് ഗണ്യമായി കുറയ്ക്കാൻ കാരണമായി.
കൂടാതെ, ഉയർന്ന ചൂട് പൈനാപ്പിളിന്റെ വലുപ്പത്തെയും ഗുണമേന്മയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മേയ് മാസത്തിൽ ഹോർമോൺ പ്രയോഗം നടത്താതെ തന്നെ ഭൂരിഭാഗം ചെടികളും തനിയെ കുലച്ചിരുന്നു.
അക്കാലത്ത് വിപണിയിൽ ഉണ്ടായ കടുത്ത വിലയിടിവും തൊഴിലാളികളുടെ ലഭ്യതക്കുറവും മൂലം വിളവെടുക്കാൻ കഴിയാതെ ഇവ തോട്ടങ്ങളിൽ തന്നെ കിടന്ന് നശിക്കുകയായിരുന്നു. ഈ സാഹചര്യമാണ് ഇപ്പോഴത്തെ വിളവെടുപ്പ് കുറയാനും വില ഉയരാനും കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

