കർണാടകയിലെ ബെംഗളൂരു നഗരത്തിലെ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ബൃഹദ് പദ്ധതിയാണ് ഹെബ്ബാൾ മുതൽ സിൽക് ബോർഡ് ജംഗ്ഷൻ വരെ നീളുന്ന 17 കിലോമീറ്റർ തുരങ്കപ്പാത. നഗരവികസന ചുമതലയുള്ള മന്ത്രി ഡി.കെ.
ശിവകുമാർ ആണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. റോഡ് വികസനം അപ്രായോഗികമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് തുരങ്കപാത എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്.
ഈ പദ്ധതിയുടെ നിർവ്വഹണത്തിനായി നടന്ന ടെൻഡർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് അദാനി എന്റർപ്രൈസസ് ഒന്നാമതെത്തിയിരിക്കുകയാണ്. 17,698 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നിർമ്മാണച്ചെലവിന്റെ 40 ശതമാനം മാത്രമാണ് കർണാടക സർക്കാർ വഹിക്കുക എന്നതിനാൽ, ഭാവിയിൽ ഉയർന്ന നിരക്കിലുള്ള ടോൾ പിരിവ് പദ്ധതിയിൽ ഉണ്ടാകുമെന്നാണ് സൂചന. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ തന്നെ മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട
പ്രാഥമിക പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പ് ആരംഭിച്ചതായാണ് വിവരം. അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെയും ബിസിനസ്സ് താല്പര്യങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം മുതലെടുത്ത് അദാനി ഗ്രൂപ്പ് നേട്ടങ്ങൾ കൊയ്യുന്നുവെന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഇത്തരമൊരു സാഹചര്യത്തിൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് അദാനി ഗ്രൂപ്പിന് ഈ പദ്ധതിയുടെ ചുമതല നൽകുന്നത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതുറക്കും.
എങ്കിലും, തെലങ്കാനയിലെ 22,000 കോടി രൂപയുടെ പദ്ധതികളും, കേരളത്തിലെ വിഴിഞ്ഞം തുറമുഖം, തമിഴ്നാട്ടിലെ 42,700 കോടിയുടെ നിക്ഷേപം എന്നിവ പരിശോധിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ മടികാണിക്കാറില്ലെന്നതാണ് യാഥാർഥ്യം. അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നതിന് എഐസിസിയിൽ നിന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർണാടക സർക്കാരെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എങ്കിലും അന്തിമ തീരുമാനം എടുക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ നിലപാട് തന്നെയാകും നിർണ്ണായകമാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

