സിനിമയുടെ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംവിധായകരുടെ കഠിനാധ്വാനം പലപ്പോഴും പ്രേക്ഷകർ തിരിച്ചറിയാറില്ല. താരങ്ങളെപ്പോലെ തന്നെ വലിയ പ്രതിഫലം വാങ്ങുന്നവരും ആഡംബര ജീവിതം നയിക്കുന്നവരുമാണ് സംവിധായകർ എന്ന തെറ്റിദ്ധാരണ പൊതുവേ നിലനിൽക്കുന്നുണ്ട്.
എന്നാൽ ഒരു ചലച്ചിത്രം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം നീളുന്ന പരിശ്രമങ്ങളും, പലപ്പോഴും വെളിച്ചം കാണാതെ പോകുന്ന നിരവധി സ്വപ്നപദ്ധതികളും ഓരോ സംവിധായകനും പിന്നിലുണ്ടാകും. അത്തരത്തിൽ പൂർത്തീകരിക്കാനാവാതെ പോയ തന്റെ ഒരു സ്വപ്നചിത്രമായ തൊമ്മൻകുത്ത് എന്ന പ്രോജക്റ്റിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അനിൽ ഗോപിനാഥ്.
ഈ ചിത്രത്തിനായി ആദ്യം നായകനായി പരിഗണിച്ചത് പൃഥ്വിരാജിനെയായിരുന്നു. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് അനിൽ ഗോപിനാഥ് പറയുന്നതിങ്ങനെ: “ഒരു 25 ശതമാനം പൃഥ്വിരാജ് ഓകെ ആയിരുന്നു.
പലതവണ അദ്ദേഹവുമായി കഥ ചർച്ച ചെയ്തു. എനിക്ക് പ്രതീക്ഷയായി.
അങ്ങനെ തിരക്കഥാ രചന പൂർത്തിയാക്കി. പക്ഷേ അപ്പോഴത്തേക്ക് പൃഥ്വിരാജിന് ബ്ലെസിയുടെ ആടുജീവിതം കയറിവന്നു.
അതിനുവേണ്ടി ശരീരം തയ്യാറാക്കാൻ രണ്ട് വർഷം വേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷേ ലൂസിഫർ വന്നപ്പോൾ ആടുജീവിതവും പൃഥ്വി ചവുട്ടി”.
ലൂസിഫറിന്റെ ലൊക്കേഷനിൽ വെച്ച് നടൻ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടൻ ഉണ്ണി മുകുന്ദനെ സമീപിച്ചെങ്കിലും അതും പ്രായോഗികമായില്ല.
“പിന്നെ ആര് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ഉണ്ണി മുകുന്ദന്റെ കാര്യം ഓർത്തത്. കഥ പറഞ്ഞപ്പോൾ ഉണ്ണി മുകുന്ദന് ഇഷ്ടപ്പെട്ടു.
പക്ഷേ വെള്ളത്തിൽ ഇറങ്ങാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിനകത്താണ് ഈ സിനിമ നടക്കുന്നത്.
അണ്ടർ വാട്ടർ ആണ്. പണ്ട് മമ്മൂട്ടി നായകനായ ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ വെള്ളത്തിൽ പെട്ടുപോയ കാര്യൊക്കെ അദ്ദേഹം പറഞ്ഞു.
അഡ്വാൻസും കൊണ്ടാണ് പോയത്. പക്ഷേ ഉണ്ണി അത് വാങ്ങിയില്ല”.
പിന്നീട് തമിഴ് നടൻ സമുദ്രക്കനിയുമായും ഈ പ്രോജക്റ്റിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മറ്റു സിനിമാ തിരക്കുകൾ കാരണം അത് നടന്നില്ല. പിന്നീട് മലയാളം, തമിഴ്, സിംഹള ഭാഷകളിലായി ചിത്രം ഒരുക്കാൻ ഒരു സംഘം സമീപിച്ചിരുന്നെങ്കിലും, ചർച്ചകൾ പൂർത്തിയായതിന് പിന്നാലെ വന്ന കൊവിഡ് ലോക്ക്ഡൗൺ പദ്ധതികൾക്ക് തടസ്സമായി.
ഒരു അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

